News - 2025
ലോക യുവജന സംഗമത്തില്‍ മാര്‍പാപ്പ പങ്കെടുക്കുമെന്ന് സ്ഥിരീകരണം
സ്വന്തം ലേഖകന്‍ 11-07-2018 - Wednesday
വത്തിക്കാന്‍ സിറ്റി: തെക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ 2019 ജനുവരി 23 മുതല്‍ 27വരെ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍റെ സ്ഥിരീകരണം. പനാമ റിപ്പബ്ലിക്കിന്‍റെയും ദേശീയ മെത്രാന്‍ സമിതിയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ പനാമയിലെ ലോക യുവജന ആഘോഷത്തില്‍ പങ്കെടുക്കുകയെന്ന് പ്രശ് സെക്രട്ടറി ഗ്രെഗ് ബെര്‍ക്ക് വ്യക്തമാക്കി. 'ഇതാ! കര്‍ത്താവിന്‍റെ ദാസി. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ' (ലൂക്ക 1:38) എന്ന ആപ്തവാക്യവുമായിട്ടാണ് പനാമയില്‍ ലോക യുവജന സംഗമം നടക്കുക. 2016 നവംബര്‍ 22-ന് ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ആപ്തവാക്യം ആഗോള കത്തോലിക്ക യുവ സമൂഹത്തിന് നല്‍കിയത്.
1985-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ആഗോള യുവജനസംഗമത്തിന് തുടക്കമിട്ടത്. രൂപതാ തലങ്ങളില്‍ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടാണ് ആരംഭം. മാര്‍പാപ്പ യുവജനങ്ങള്‍ക്കായി നല്കുന്ന സന്ദേശം യുവജനദിനത്തിന്‍റെ മുഖ്യ ഇനമായിരുന്നു. പിന്നീടാണ് രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സമ്മേളനങ്ങള്‍ക്ക് രൂപംനല്കിയത്. വൈദികനായിരുന്ന കാലംമുതല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് യുവജനങ്ങളോട് ഉണ്ടായിരുന്ന വത്സല്യത്തിന്‍റെ പ്രതീകമായാണ് യുവജന ആഘോഷത്തെ വിലയിരുത്തി കൊണ്ടിരിന്നത് 2016 ജൂലൈ മാസത്തില്‍ പോളണ്ടില്‍ വച്ചാണ് അവസാന യുവജന സംഗമം നടന്നത്.