India - 2024

ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ഇന്ന് കേരളത്തിലെത്തും

സ്വന്തം ലേഖകന്‍ 13-07-2018 - Friday

തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65ാം ഓര്‍മപ്പെരുന്നാളില്‍ പങ്കെടുക്കുവാന്‍ ജര്‍മ്മനിയിലെ ഏറ്റവും വലിയ രൂപതയായ കൊളോണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി ഇന്നു തിരുവനന്തപുരത്ത് എത്തും. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവായുടെ ക്ഷണമനുസരിച്ചാണ് അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. ഇന്നു വൈകുന്നേരം ആറിനു പട്ടം കത്തീഡ്രലില്‍ നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം, അപ്പോസ്‌തോലിക ആശീര്‍വാദം എന്നിവയില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍ നാളെ നടക്കുന്ന ഓര്‍മപ്പെരുന്നാള്‍ കുര്‍ബാന മധ്യേ വചന സന്ദേശം നല്കും.

നാളെ ഉച്ചയ്ക്കു ശേഷം കേശവദാസപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി, മാര്‍ ഈവാനിയോസ് വിദ്യാനഗര്‍, മാര്‍ ഗ്രിഗോറിയോസ് സ്‌നേഹവീട്, സെന്റ് മേരീസ് മലങ്കര സെമിനാരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാറശാല രൂപതയില്‍ സന്ദര്‍ശനം നടത്തും. 16ന് വൈകുന്നേരം കൊച്ചിയിലും മറ്റു രൂപതകളിലും സന്ദര്‍ശനങ്ങള്‍ക്കായി പോകും. കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ റോമില്‍ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്റെ കണ്‍സള്‍ട്ടന്റും ദൈവാരാധനയ്ക്കുവേണ്ടിയുള്ള തിരുസംഘത്തില്‍ അംഗവുമാണ്.


Related Articles »