News - 2025

ഇറാഖിലെ നിനവേയില്‍ മടങ്ങിയെത്തിയത് 26,000 ക്രൈസ്തവർ

സ്വന്തം ലേഖകന്‍ 17-07-2018 - Tuesday

ഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളിൽ നിന്നും ഇറാഖിനെ മോചിപ്പിച്ച് രണ്ട് വർഷത്തോളമാകുമ്പോൾ നിനവേയില്‍ മടങ്ങിയെത്തിയത് ഇരുപത്തിയാറായിരത്തോളം ക്രൈസ്തവർ. ടർക്കിയിലും ലബനനിലും അഭയാർത്ഥികളായി കഴിഞ്ഞവരും സ്വദേശത്ത് മടങ്ങിയെത്തി താമസം ആരംഭിച്ചതായാണ് ഇറാഖി വൈദികനെ ഉദ്ധരിച്ച് 'ദി പ്രീമിയര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പാശ്ചാത്യ ക്രൈസ്തവ സംഘടനകളുടെ സഹായത്തോടെ നാശനഷ്ടങ്ങൾക്കിരയായ ഏഴായിരത്തോളം ഭവനങ്ങൾ ഇതിനോടകം താമസ യോഗ്യമാക്കിയിട്ടുണ്ട്. ക്രിസ്തീയ സംഘടനകളുടെ സഹകരണത്തോടെ നിര്‍മ്മിച്ച ഭവനങ്ങൾ പലായനം ചെയ്ത ക്രൈസ്തവരെ സ്വദേശത്തേയ്ക്ക് ആകർഷിക്കുന്നതായി ഇറാഖി വൈദികന്‍ ഫാ. ജോർജ് ജഹോല വ്യക്തമാക്കി.

ഇറാഖിലെ ക്രൈസ്തവർക്ക് നേരെ അന്താരാഷ്ട്ര സമൂഹവും മാധ്യമങ്ങളും കണ്ണടച്ചത് തീർത്തും വിവേചനപരമാണെന്ന് നിനവേയിലെ സിറിയൻ ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് തിമോത്തിയോസ് മൗസ അൽ ഷമനി പ്രതികരിച്ചു. ആഭ്യന്തര കലഹത്തെ തുടർന്ന് ഖ്വാരഘോഷ് നഗരത്തിൽ അയ്യായിരത്തോളം ഭവനങ്ങൾ തകർന്നതായി എയിഡ് ടു ചർച്ച് ഇൻ നീഡ് നേരത്തെറിപ്പോർട്ട് ചെയ്തിരുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നുണ്ടെങ്കിലും ഇറാഖി ഭരണകൂടത്തിന്റെ നിസ്സംഗത ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.


Related Articles »