News - 2024

നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പ് റോമില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 22-07-2018 - Sunday

റോം: റോമില്‍ ക്രൈസ്തവ വിശ്വാസം ആരംഭിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. ടിബെര്‍ നദിക്ക് സമീപം വൈദ്യുത കേബിളുകള്‍ കുഴിച്ചിട്ടുകൊണ്ടിരുന്ന സാങ്കേതിക വിദഗ്ദരാണ് ക്രിസ്തീയ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ദേവാലയം കണ്ടെത്തിയിരിക്കുന്നത്. റോമിലെ ഏറ്റവും പുരാതന ദേവാലയങ്ങളില്‍ ഒന്നായിരിക്കാമിതെന്നാണ് അനുമാനിക്കപ്പെടുന്നത്. ടിബെര്‍ നദിക്ക് കുറുകെയുള്ള പോണ്ടെ മില്‍വിയോ പാലത്തിനു സമീപത്തുനിന്നാണ് പുരാതന ദേവാലയവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്.

എഡി ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയില്‍ പണികഴിപ്പിച്ചിട്ടുള്ള മനോഹരമായ മാര്‍ബിള്‍ പാകിയിട്ടുള്ള ഒരു കെട്ടിടത്തിന്റെ അവശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഇറ്റാലിയന്‍ വാര്‍ത്താ പത്രമായ ‘ലാ റിപ്പബ്ലിക്കാ’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. സ്പാര്‍ട്ട, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളിലുള്ള മാര്‍ബിള്‍ പതിച്ച നിലവും ഇഷ്ടികകൊണ്ടുള്ള ചുവരുകളുമാണ് കെട്ടിടത്തിനുള്ളത്. അതേ സമയം കെട്ടിടം ആഡംബര റോമന്‍ വില്ലയാണെന്ന്‍ വാദിക്കുന്നവരുമുണ്ട്.

എന്നാല്‍ ഇതൊരു ദേവാലയമായിരുന്നിരിക്കാം എന്ന വാദത്തിനാണ് മുന്‍തൂക്കം. സമീപ പ്രദേശങ്ങളില്‍ നടത്തിയ ഖനനത്തില്‍ നിന്നും ഒരു സെമിത്തേരിയുടെ അവശേഷിപ്പുകള്‍ കിട്ടിയിട്ടുള്ളത് ഇക്കാര്യത്തെ ശരിവയ്ക്കുന്നുണ്ട്. റോമ സാമ്രാജ്യത്തിലെ ഏറ്റവും പുരാതന ദേവാലയങ്ങളെല്ലാം തന്നെ പണികഴിപ്പിച്ചിരിക്കുന്നത് നാലാം നൂറ്റാണ്ടിലാണ്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കെട്ടിടവും ഇതേ കാലഘട്ടത്തില്‍ തന്നെയുള്ളതാണെന്നും അതിനാല്‍ ഇതൊരു ദേവാലയം തന്നെയാണെന്നാണ് ഗവേഷകരെ ഉദ്ധരിച്ച് ‘ലാ റിപ്പബ്ലിക്ക’യുടെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നത്.