India - 2024

സുറിയാനി സംഗീത മത്സരത്തില്‍ കടുത്തുരുത്തി ദേവാലയം ജേതാക്കള്‍

സ്വന്തം ലേഖകന്‍ 02-08-2018 - Thursday

കടുത്തുരുത്തി: സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും പ്രവാസി കേന്ദ്രങ്ങളിലെയും വിശ്വാസികള്‍ക്കായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റൂഹാ മീഡിയായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ അന്താരാഷ്ട്രാ സുറിയാനി സംഗീത മത്സരത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാപള്ളി (താഴത്തുപള്ളി) ജേതാക്കള്‍. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവയടക്കം 19 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. പാട്ടിന്റെ മികവിന് 50 ശതമാനവും വ്യൂവേഴ്‌സിന്റെ എണ്ണവും പാട്ടിന് ലഭിച്ച ലൈക്കുകളുടെയും അടിസ്ഥാനത്തിലാണ് ജേതാക്കളെ തീരുമാനിച്ചത്.

വിശുദ്ധ കുര്‍ബാനയില്‍ പാടുന്ന മൂന്ന് പാട്ടുകളാണ് 13 അംഗ കടുത്തുരുത്തി ടീം പാടിയത്. സുറിയാനിയില്‍ കഴിവ് തെളിയിച്ചിട്ടുള്ള താഴത്തുപള്ളി സഹവികാരി ഫാ.അഗസ്റ്റിന്‍ കണ്ടത്തികുടിലില്‍ ആണ് ഇടവകയുടെ ടീമിന് പരിശീലനം നല്‍കിയത്. ജേതാക്കള്‍ക്ക് പതിനായിരം രൂപയും ട്രോഫ്രിയും ലഭിക്കും. കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോനാ പള്ളിയിലെ ടീമിനാണ് മത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ചത്. മാണ്ഡ്യ രൂപതയുടെ കീഴിലുള്ള ബാംഗ്ലൂര്‍ ധര്‍മ്മാരം സെന്‍റ് തോമസ് ഫൊറോനക്ക് മൂന്നാം സ്ഥാനം. തൃശൂരില്‍ നിന്നു ഡല്‍ഹിയിലേക്ക് കുടിയേറിയ പെരേപ്പാടന്‍ കുടുംബാംഗമായ പരേതനായ അമിത് ആന്‍ഡ്രൂസിന്റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.


Related Articles »