News

വല്ലാര്‍പാടം ബസിലിക്ക പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന ദേവാലയമായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 06-08-2018 - Monday

കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്ക പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു. മേഴ്‌സി ഡാരിയന്‍ സന്യാസ സഭാ സ്ഥാപനത്തിന്റെ 800ാം വാര്‍ഷികം കാരുണ്യനാഥ എന്ന ശീര്‍ഷകത്തില്‍ ജൂബിലിവര്‍ഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പനപ്രകാരം അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറിയാണ് ദേവാലയത്തിന് പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന അനുമതിപത്രം നല്‍കിയത്. ഇന്നലെ വൈകിട്ട് 5.30ന് ബസിലിക്കയില്‍ ദിവ്യബലിമധ്യേ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പ്രഖ്യാപനം നടത്തി.

ജൂബിലിവര്‍ഷം മുഴുവന്‍ വല്ലാര്‍പാടം ബസിലിക്ക സന്ദര്‍ശിച്ച് ആത്മാര്‍ഥമായ അനുതാപത്തോടെയും ഉപവിയുടെ ചൈതന്യത്താല്‍ നിറഞ്ഞ് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അടിമകളുടെയും വീണ്ടെടുപ്പിനായുള്ള ആത്മാര്‍ഥമായ ശ്രമങ്ങളോടെയും കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിച്ച് മാര്‍പാപ്പയുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും ദിവസത്തില്‍ ഒരു പ്രാവശ്യം വീതം പൂര്‍ണ ദണ്ഡവിമോചനം ലഭിക്കും. ഒപ്പം എല്ലാ സമയത്തും തികഞ്ഞ ഭക്തിയോടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വല്ലാര്‍പാടം ബസിലിക്ക സന്ദര്‍ശിച്ച് ദിവ്യകാരുണ്യ ആരാധന നടത്തുകയും ഭക്തകൃത്യങ്ങള്‍ അനുഷ്ഠിച്ച്, വിശ്വാസപ്രമാണം ചൊല്ലുകയും കാരുണ്യനാഥയുടെയും വിശുദ്ധ പീറ്റര്‍ നൊളാസ്‌കയുടെയും മാധ്യസ്ഥ്യം യാചിച്ച് പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ക്കും പൂര്‍ണദണ്ഡവിമോചനം ലഭിക്കും.

You May Like: ‍ ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇന്നലെ നടന്ന തിരുകര്‍മ്മങ്ങളില്‍ കൊച്ചി രൂപതാദ്ധ്യക്ഷന്‍ ഡോ. ജോസഫ് കരിയില്‍, കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി എന്നിവരും അതിരൂപതയിലെ മുതിര്‍ന്ന വൈദികരും ദിവ്യബലിയില്‍ സംബന്ധിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയത്. 1218 ആഗസ്റ്റ് 10ന് വിശുദ്ധ പീറ്റര്‍ നൊളാസ്കോ കാരുണ്യനാഥയുടെ സന്യാസസഭ (മേഴ്സിഡാരിയന് സന്യാസസഭ) സ്ഥാപിച്ചതോടെയാണ് കാരുണ്യനാഥ അഥവാ വിമോചകനാഥ എന്ന ശീര്‍ഷകം സഭയില്‍ സംജാതമായത്.


Related Articles »