India - 2024

വയനാടന്‍ ജനതയുടെ കണ്ണീരൊപ്പി മാനന്തവാടി രൂപത

സ്വന്തം ലേഖകന്‍ 13-08-2018 - Monday

മാനന്തവാടി: പ്രളയകെടുതിയിലായ വയനാട് ജനതയ്ക്ക് വേണ്ടിയുള്ള മാനന്തവാടി രൂപതയുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഏകദേശം പതിനഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി രൂപത രണ്ട് ദിവസത്തിനിടെ ചിലവഴിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെയും ഒറ്റപ്പെട്ടു പോയവരെയും മറ്റിടങ്ങളില്‍ ബുദ്ധിമുട്ടിലായവരെയുമാണ് രൂപതയുടെ നേതൃത്വത്തിലുള്ള സംഘം സഹായിക്കുന്നത്. ഏകദേശം ആയിരം രൂപ വിലവരുന്ന അവശ്യസാധനങ്ങളടങ്ങുന്ന രണ്ടായിരത്തോളം കിറ്റുകള്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനു എത്തിച്ചിട്ടുണ്ട്.

പത്തുലക്ഷം രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചാണ് ദുരന്തനിവാരണത്തിനു രൂപത തുടക്കമിട്ടത്. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഏകോപിപ്പിക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബയോവിന്‍, റേഡിയോ മാറ്റൊലി എന്നിവ സഹകരിക്കുന്നുണ്ട്. സഹായം ആവശ്യമുള്ളവരെ ഏതുവിധത്തിലും സഹായിക്കണമെന്നാണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ നിര്‍ദേശം.ഇടവകാടിസ്ഥാനത്തില്‍ വൈദികരും സമര്‍പ്പിതരും ഇടവകാംഗങ്ങളും നാനാജാതി മതസ്ഥരായ ദുരിതബാധിതരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പടുത്തുന്നുണ്ട്.

വെള്ളം ഇറങ്ങിയതിനുശേഷം നടത്തേണ്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും രൂപതയുടെ ദുരന്തനിവാരണസമിതി നടത്തിവരികയാണ്. പ്രളയമേഖലകളില്‍ ആവശ്യമായ ചികിത്സാ സഹായമെത്തിക്കുന്നതിന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മുപ്പത് പേരടങ്ങുന്ന മെഡിക്കല്‍ സംഘം ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്.


Related Articles »