India - 2024

ആയിരം പേര്‍ക്ക് ഭവന പുനര്‍നിര്‍മാണ സഹായം നല്‍കുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

സ്വന്തം ലേഖകന്‍ 21-08-2018 - Tuesday

കോട്ടയം: പ്രളയദുരിതത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവരില്‍ അര്‍ഹരായ 1000 പേര്‍ക്ക് ഭവന പുനര്‍നിര്‍മാണ സഹായം നല്‍കുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. 1000 നിര്‍ധന കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കും. സഭാവക ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സാസഹായം നല്‍കും. കൗണ്‍സലിംഗ് സഹായം ഏര്‍പ്പെടുത്തും. പഠനം മുടങ്ങാനിടയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കും. പൊതുഇടങ്ങളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതിന് യുവജനവിദ്യാര്‍ഥി സംഘടനാംഗങ്ങള്‍ സഹകരിക്കും.

ഭക്ഷ്യസാധനങ്ങള്‍, വസ്ത്രം, മരുന്ന് എന്നിവ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവരില്‍ അര്‍ഹിക്കുന്നവര്‍ക്ക് സഹായം നല്‍കും. പ്രളയദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. തുടര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്താ പ്രസിഡന്റും സെക്രട്ടറി ബിജു ഉമ്മന്‍ കണ്‍വീനറും, ഫാ. എബിന്‍ ഏബ്രഹാം കോ ഓര്‍ഡിനേറ്ററുമായുളള സമിതിയെ നിയമിച്ചു.


Related Articles »