India

പ്രളയബാധിതരെ കൈപിടിച്ചുയർത്താൻ സമഗ്ര പുനരധിവാസ പദ്ധതിയുമായി കാഞ്ഞിരപ്പള്ളി രൂപത

പ്രവാചകശബ്ദം 27-10-2021 - Wednesday

കാഞ്ഞിരപ്പള്ളി: നാടിനെ കണ്ണീരിലാഴ്ത്തിയ പ്രളയദുരന്തത്തിൽ തലമുറകളുടെ അധ്വാനവും കരുതലും ഒഴുകിപ്പോയ കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളുടെ പുനരധിവാസത്തിനും പുനർനിർമാണത്തിനും സഹായ സമാശ്വാസ പദ്ധതികളുമായി കാഞ്ഞിരപ്പള്ളി രൂപത. രൂപതയുടെയും ഇടവകകളുടെയും സ്ഥലങ്ങളിൽ അനുയോജ്യമായവ കണ്ടെത്തിയും സുമനസുകളുടെ സ്ഥലങ്ങൾ സംഭാവനയായി സ്വീകരിച്ചും പുനരധിവാസ ഭവന നിർമാണ പദ്ധതിക്കായി രൂപത ഒരു ഭൂനിധി രൂപീകരിക്കും. ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും അറ്റകുറ്റപണികളും നഷ്ടങ്ങളുണ്ടായവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ വിവിധ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുമാണ് നടപ്പിലാക്കുന്നത്.

വിവിധ പ്രദേശങ്ങളിൽ സുരക്ഷിതമായ സ്ഥലം കണ്ടെത്തി പാർപ്പിടങ്ങൾ നിർമിക്കുവാനുള്ള പദ്ധതി തയ്യാറാക്കി വരുന്നു. പുനരധിവാസ പദ്ധതിയുടെ രൂപരേഖ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു. വെള്ളളപ്പാച്ചിൽ ഒഴിഞ്ഞതിനു പിന്നാലെ എല്ലാം നഷ്ടമായവർക്ക് ആശ്വാസവും സഹായവുമായി ഇതിനോടകം രൂപതയിലെ സന്യാസസമൂഹങ്ങളും അത്മായസംഘടനകളും ഇടവകകളും സ്ഥാപനങ്ങളും വ്യക്തികളും സഹായസംരംഭങ്ങളിൽ സഹകാരികളായിട്ടുണ്ട്. നിലവിൽ ലഭ്യമാകുന്ന സർക്കാർ സംവിധാനങ്ങളോടു ചേർന്ന് മനസിലും ശരീരത്തിലും മുറിവേറ്റവരുടെ ദീർഘകാല പുനരധിവാസ പ്രവർത്തനങ്ങളിൽ രൂപതയും സഹകാരികളാവുകയാണ്.

ഓരോ വർഷവും കാഞ്ഞിരപ്പള്ളി രൂപത 20 കോടിയോളം രൂപ രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡെവലമെന്റ് സൊസൈറ്റി, ജീവൻ ദശാംശ പദ്ധതി തുടങ്ങിയ രൂപത സംവിധാനത്തിന്റെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചെലവഴിക്കുന്നുണ്ട്. പ്രദേശങ്ങൾക്കും ജനങ്ങൾക്കും നേരിടേണ്ടിവന്ന മഹാദുരന്തത്തിൽ 18 മനുഷ്യരുടെ ആൾനാശത്തിനു പുറമെ സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്തവിധം നഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങളാണ് സഹായങ്ങൾ അർഹിക്കുന്നതും അഭ്യർഥിക്കുന്നതും അടിയന്തിര സാഹചര്യത്തെ നേരിടാൻ കാഞ്ഞിരപ്പള്ളി നിർമ്മാണ പുനരധിവാസ പദ്ധതിയിൽ സ്ഥലം, സാമഗ്രികൾ, സാമ്പത്തികം ഉൾപ്പെടെ ആവുന്ന സഹായങ്ങൾ നൽകി റെയിൻബോ പദ്ധതിയിൽ സഹകരിക്കുവാൻ വിശ്വാസസമൂഹത്തോട് മാർ ജോസ് പുളിക്കൽ ആഹ്വാനം ചെയ്തു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ അതിരിടുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ കൊക്കയാർ, അഴങ്ങാട്, മേലോരം, മുക്കുളം, വടക്കേമല, ഏന്തയാർ മുണ്ടക്കയം, പാലൂർക്കാവ്, തെക്കേമല, കാഞ്ഞിരപ്പള്ളി, അലി, പഴയിടം, ചേനപ്പാടി, കൊരട്ടി, ആനക്കല്ല്, കപ്പാട്, എരുമേലി, ചെറുവള്ളി തുടങ്ങിയ ഗ്രാമീണ പ്രദേശങ്ങളിലാണ് നൂറ്റാണ്ടിലെതന്നെ അത്യപൂർവമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കോടികളുടെ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞും റോഡുകൾ മുറിഞ്ഞും ഒറ്റപ്പെട്ടുപോയ അഴങ്ങാട്, മുക്കുളം, വടക്കേമല മലയോരഗ്രാമങ്ങളിലെ കുടിയേറ്റ കർഷകർക്കുണ്ടായ വൻ കഷ്ടനഷ്ടങ്ങൾ തുടക്കത്തിൽ മാധ്യമങ്ങളിൽ വരാതിരുന്നതിനാൽ പുറംലോകം അറിഞ്ഞിരുന്നില്ല.

കുടുംബത്തിനോ ഗ്രാമത്തിനോ പ്രദേശത്തിനോ അവരുടെ തനിച്ചുള്ള അധ്വാനത്തിലും സംഭാവനയിലും നാടിനെയും വീടിനെയും തിരികെപ്പിടിക്കാൻ സാധിക്കില്ലാത്ത സാഹചര്യമാണുള്ളത്. പ്രളയം പിൻവാങ്ങിയ മണിക്കൂറുകളിൽ തന്നെ രൂപതാധ്യക്ഷൻ മാർ ജോസഫ് പുളിക്കലിന്റെ അധ്യക്ഷതയിൽ വിവിധ അജപാലന സമിതികളും സാമൂഹിക സേവന വിഭാഗങ്ങളും അടിയന്തര യോഗങ്ങൾ ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കു രൂപം നൽകിയിരുന്നു. തുടർന്ന് വിവിധ സന്യാസ സന്യാസിനി സമൂഹങ്ങളുടെ യോഗങ്ങൾ ചേർന്ന് നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തി. അപ്രതീക്ഷിത പ്രളയത്തിൽ പ്രദേശങ്ങൾ ഒറ്റപ്പെടുകയും ഗതാഗതതടസത്തിൽ ഏറെപ്പേർ വഴിമധ്യേ കുരുങ്ങുകയും ചെയ്തവേളയിൽ വിവിധദേശക്കാരായ യാത്രക്കാർ, ശബരിമല തീർഥാടകർ തുടങ്ങിയവർക്കും ദുരിതത്തിൽ അകപ്പെട്ടവർക്കും കുട്ടിക്കാനം മരിയൻ കോളജ്, കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും വിവിധ ഇടവകളിലെ പാരീഷ് ഹാളുകളിലും സ്കൂൾ കെട്ടിടങ്ങളിലും ഭക്ഷണവും സുരക്ഷിത താമസവും ക്രമീകരിച്ചിരുന്നു.

സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം ആരംഭിച്ച ഹെൽപ് ഡെസ്കിലൂടെ ഒറ്റപ്പെട്ടുപോയവരുടെ വിവിധ അഭ്യർത്ഥനകൾക്കും ആവശ്യങ്ങൾക്കും കാര്യക്ഷമമായ രീതിയിൽ സഹായങ്ങൾ നൽകിയിരുന്നു. വൈദികരുടെയും സന്യാസ്തരുടെയും അത്മായ സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉപളയ ബാധിത മേഖലകളിൽ ശുചീകരണം ഉൾപ്പെടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുവദീപ്തി എസ്എംവൈഎം, എ.കെ.സി.സി, പിതൃവേദി, മാതൃവേദി, ജീസസ് യൂത്ത്, വിൻസെന്റ് ഡി പോൾ, മിഷൻലീഗ് എന്നിവ തുടർന്നുവരികയാണ്. രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയിലൂടെ സഹായങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ അവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

അടിയന്തിര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ രൂപതയുടെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രളയദുരന്തത്തിൽ പരിക്കേറ്റവർക്ക് ആദിവസങ്ങളിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യചികിത്സ നൽകിയിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രൂപതയിലെ സംഘടനകളുടെയും അജപാലന സാമൂഹ്യസേവന വിഭാഗങ്ങളുടെയും കൂട്ടായസഹകരണത്തോടെ ആശ്വാസ ഏകോപിപ്പിക്കുകയാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവരും ഇപ്പോഴും അപകടസാധ്യതാ മേഖലയിലുള്ളവരും സഹായ പദ്ധതികൾ വിവിധയിടങ്ങളിൽ പള്ളികളുടെ സ്ഥാപന സംവിധാനത്തിൽ കഴിയുന്നുണ്ട്.

ഈ ദിവസങ്ങളിൽ മാർ ജോസ് പുളിക്കൽ ദുരിതബാധിതമേഖലകളിൽ തുടർച്ചയായി സന്ദർശനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകിവരുന്നു. ഒപ്പം ഉറ്റവരെ നഷ്ടപ്പെടുകയും ജീവിതത്തിന്റെ കരുതൽ കൈവിട്ടുപോവുകയും ചെയ്തതിന്റെ ദുഖത്തിൽ കഴിയുന്നവരെ സന്ദർശിച്ച് സാന്ത്വനവും പ്രത്യാശയും പകരാനും മാർ ജോസ് പുളിക്കൽ സന്ദർശനങ്ങൾ തുടരുകയാണ്. വേദനിക്കുന്ന സഹോദരങ്ങൾക്ക് ആശ്വാസമേകുവാൻ എല്ലാവർക്കും മാനുഷികവും ധാർമികവിമായ ഉത്തരവാദിത്തമുണ്ടെന്നും നിസഹായരായവർക്ക് സാന്ത്വനവും കരുതലും നൽകുന്ന വിധത്തിൽ രൂപതയുടെ ബൃഹത്തായ പുനരധിവാസ സംരംഭത്തിൽ സംഘടനകളും വിശ്വാസികളും സ്ഥാപനങ്ങളും അടിയന്തിര പ്രാധാന്യത്തോടെ ഒരുമയുടെ കരുതലായി കൈകോർക്കേണ്ടതുണ്ട്.

രൂപതയുടെ ശുശ്രൂഷാ സംവിധാനങ്ങൾ സാഹചര്യത്തിനൊത്തുയർന്ന് നൽകിവരുന്ന വലിയ സേവനങ്ങളെ ബഹുമതിക്കുന്നതായും വിപുലമായ പുനരധിവാസ പദ്ധതിയിൽ പങ്കുചേരാൻ ഏവരും മുന്നോട്ടുവരാൻ അഭ്യർഥിക്കുന്നതായും ജോസ് പുളിക്കൽ പറഞ്ഞു. പത്രസമ്മേളനത്തിൽ വികാരി ജനറാൾ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ, മലനാട് ഡെവണ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ഫിനാൻസ് കൗൺസിൽ സെക്രട്ടറി അഡ്വ. സോണി തോമസ് പുരയിടത്തിൽ എന്നിവരും പങ്കെടുത്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »