News - 2024

കെനിയൻ സഭയുടെ റേഡിയോ സുവിശേഷവത്ക്കരണം തുടരുന്നു

സ്വന്തം ലേഖകന്‍ 27-08-2018 - Monday

നെയ്റോബി: രാജ്യത്തെ സുവിശേഷ പ്രഘോഷണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ വീണ്ടും റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച് കെനിയൻ കത്തോലിക്കാസഭ. ഓഗസ്റ്റ് 22ന് കെനിയൻ കത്തോലിക്ക മെത്രാൻ സമിതി ഉപാധ്യക്ഷനും ഗോങ്ങ് രൂപത മെത്രാനുമായ ജോൺ ഒബല്ല ഒവ്വയാണ്, രാജ്യത്തെ പന്ത്രണ്ടാമത് കത്തോലിക്ക എഫ്എം റേഡിയോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. റേഡിയോ ചാനലിന്റെ പേരായ ഓസോട്വ എന്ന വാക്കിന്റെ അർത്ഥം സമാധാനമെന്നാണ്. സുവിശേഷവത്കരണത്തിന്റെ ഉപാധി എന്ന നിലയിൽ റേഡിയോ സ്റ്റേഷന്റെ സ്ഥാപനം ഗോങ്ങ് രൂപത ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് നാരോക്ക് കൗണ്ടിയിലെ സെന്‍റ് പീറ്റേഴ്സ് ഇടവകയില്‍ നടന്ന ചടങ്ങിൽ ബിഷപ്പ് അഭിപ്രായപ്പെട്ടു.

ശ്രോതാക്കളുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയ്ക്ക് റേഡിയോ സംപ്രേക്ഷണം ഉപകരിക്കും. സാന്മാർഗ്ഗിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സമൂഹത്തിന്റെ വളർച്ച അതുവഴി സാധ്യമാകും. ഇടവകകളിൽ റേഡിയോ സംപ്രേക്ഷണം എന്ന ദൗത്യത്തിന് മുൻകൈയ്യെടുത്ത കെനിയൻ കത്തോലിക്ക മെത്രാൻ സമിതിയ്ക്കും മറ്റ് സംഘടനകൾക്കും അദ്ദേഹം നന്ദി അറിയിച്ചു. എഫ്.എം സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കൂടുതല്‍ മെച്ചപ്പെടുത്താൻ ക്രൈസ്തവ സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ക്രൈസ്തവ സമൂഹങ്ങളുടെ പിന്തുണയോടെ ശക്തമായ ആത്മീയ പരിപാടികള്‍ ആസൂത്രണം ചെയ്യാൻ റേഡിയോ സ്റ്റേഷൻ പ്രവർത്തകർ മുൻകൈയെടുക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത ഡോ. ഏലിയാസ് മൊക്കാവ പറഞ്ഞു. ഇടവകകളുടെ കൂട്ടായ്മയിലൂടെ മികച്ച സ്റ്റേഷനായി മാറട്ടെയെന്നും ക്രൈസ്ത സന്നദ്ധ പ്രവർത്തകരുടെ സേവനത്തിലൂടെ സംപ്രേഷണം നിലവാരം പുലർത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സവാഹിലി, മസായി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന നാരോക്ക് കൗണ്ടിയിലെയും സമീപ പ്രദേശങ്ങളിലെയും ആദ്യത്തെ കത്തോലിക്ക റേഡിയോയാണ് ഓസോട്വ എഫ്.എം 83.0. 2020തോടെ രാജ്യത്തെ ഇരുപത് രൂപതകളിലും റേഡിയോ സ്റ്റേഷൻ സ്ഥാപിക്കുകയാണ് കെനിയന്‍ മെത്രാൻ സമിതിയുടെ ലക്ഷ്യം.


Related Articles »