Purgatory to Heaven - March 2021

ശുദ്ധീകരണാത്മാക്കളുടെ ദുഃഖത്തിന് കാരണമെന്ത്?

സ്വന്തം ലേഖകന്‍ 04-03-2021 - Thursday

“കര്‍ത്താവേ എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നെന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖം എന്നില്‍ നിന്നും മറച്ചു പിടിക്കും?" (സങ്കീര്‍ത്തനങ്ങള്‍ 13:1)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-4

ഒരു തകര്‍ന്ന കപ്പലിലെ നാവികനായി നിങ്ങളെ സങ്കല്‍പ്പിക്കുക, തിരമാലകളുമായുള്ള നീണ്ട യുദ്ധത്തിനു ശേഷം ഒരു വിധം നിങ്ങള്‍ കരയ്ക്കടിയുമ്പോഴൊക്കെയും ഏതോ അദൃശ്യകരം നിങ്ങളെ പുറകോട്ടു തള്ളിയിടുന്നു. എത്ര കഠിനമായ യാതനയായിരിക്കുമത്! തീര്‍ച്ചയായും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ യാതന ഇതിലും ആയിരം മടങ്ങ് വലുതായിരിക്കും.

വിശുദ്ധ ആഗസ്റ്റിന്‍ പറഞ്ഞു: 'അല്ലയോ ദൈവമേ, അങ്ങില്‍ വിശ്രമിക്കും വരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അശാന്തമാണ്'. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ ഈ വാക്കുകളുടെ പിന്നിലുള്ള സത്യം പൂര്‍ണ്ണമായും മനസ്സിലാകും, കാരണം യേശുവിന്‍റെ ദര്‍ശനത്തിനു വേണ്ടിയുള്ള അവരുടെ അഭിലാഷം അഗാധമായ വേദന ഉളവാക്കുന്നതാണ്. ആവിലായിലെ വിശുദ്ധ തെരേസ ഇപ്രകാരം എഴുതിയിട്ടുണ്ട്, 'ദൈവദര്‍ശനത്തിന്റെ അഭാവം ഉളവാക്കുന്ന വേദന നമുക്ക്‌ വിചാരിക്കുവാന്‍ കഴിയുന്നതിലുമധികം മര്‍മ്മഭേദകമായ വേദനയാണ്. കാരണം, തങ്ങളുടെ പ്രത്യാശയുടെ കേന്ദ്രമെന്ന നിലയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ ദൈവത്തോടുള്ള വ്യഗ്രത ദൈവത്തിന്റെ നീതിയില്‍ നിരന്തരം നിരസിക്കപ്പെടുന്നു'.

(ഗ്രന്ഥരചയിതാവായ ഫാ. ജെയിംസ് ബി. ബക്ക്ലി)

വിചിന്തനം: നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ ആരുടേയോ അഭാവമുണ്ട്. നമ്മുടെ ജീവിതത്തില്‍ നാം നഷ്ടമായ ആ ഭാഗത്തിന് വേണ്ടി അന്വോഷിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തില്‍ മാത്രം കണ്ടെത്താവുന്ന സമാധാനമാണത്. എത്രമേല്‍ നാം ദൈവത്തോടു അടുക്കുന്നുവോ അത്രമേല്‍ നമ്മുടെ സന്തോഷവും പ്രത്യാശയും വര്‍ദ്ധിക്കും. നമ്മുടെ ജീവിതത്തിനു മാര്‍ഗ്ഗരേഖയുണ്ട്. എപ്പോള്‍ നാം ദൈവത്തെ അവഗണിക്കുന്നുവോ, അപ്പോഴൊക്കെ ജീവിതത്തില്‍ ശൂന്യതയും, കുഴപ്പങ്ങളും ഉണ്ടാകും. ഇന്നത്തെ നമ്മുടെ പ്രാര്‍ത്ഥനകളും, നന്മ പ്രവര്‍ത്തികളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക     


Related Articles »