News - 2024
വിവാഹം സ്ത്രീയും പുരുഷനും തമ്മിൽ മാത്രം; നിയമ ഭേദഗതിക്ക് റൊമാനിയ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 16-09-2018 - Sunday
ബുച്ചാറെസ്റ്റ്: ക്രെെസ്തവ വിശ്വാസത്തിനെ അടിസ്ഥാനമാക്കി വിവാഹം ഒരു പുരുഷനും, സ്ത്രീയും തമ്മിൽ മാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്ന നിയമം യൂറോപ്യന്‍ രാജ്യമായ റൊമാനിയയുടെ നിയമനിർമ്മാണ സഭ പാസാക്കി. സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള ബന്ധത്തെ തള്ളികളയുന്നതാണ് നിയമം. നിലവില്‍ ഭരണഘടനയിൽ വിവാഹം എന്നത് 'ജീവിതപങ്കാളികൾ തമ്മിലുള്ള ബന്ധം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
നിയമനിർമ്മാണ സഭയിലെ 107 അംഗങ്ങൾ നിയമത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ, വെറും പതിമൂന്ന് നിയമനിർമ്മാണ സഭാഗംങ്ങൾ മാത്രമാണ് നിയമത്തിന് എതിരായി വോട്ടു ചെയ്തത്. ഏഴു പേർ വോട്ടു ചെയ്യാൻ എത്തിയില്ല. റൊമേനിയ രണ്ടായിരം വർഷമായി ഒരു ക്രെെസ്തവ രാജ്യമാണെന്ന്‍ രാജ്യം ഭരിക്കുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗവും, സെനറ്ററുമായ സെർബൻ നിക്കോളേഴ് പറഞ്ഞു.
വോട്ടെടുപ്പ് വിശ്വാസപരമായ കാരണങ്ങൾ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷം റൊമാനിയയുടെ അധോസഭയായ ചേംബർ ഒാഫ് ഡെപ്യൂട്ടീസും നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച് റൊമേനിയ വരുന്ന ഒക്ടോബർ മാസം ജനഹിത പരിശോധന നടത്തുമെന്ന് സോഷൽ ഡെമോക്രാറ്റിക് പാർട്ടിയുടെ തലവൻ ലിവ്യു ഡ്രാഗ്നേയി വ്യക്തമാക്കി. അതേസമയം നിയമ നിർമ്മാണം ഭരണഘടനാ ഭേദഗതിക്കു കാരണമായേക്കും. യൂറോപ്യൻ രാജ്യങ്ങളായ പോളണ്ട്, സ്ളോവാക്കിയ, ബൾഗേറിയ, ലാത്വിയ, തുടങ്ങിയ രാജ്യങ്ങളും സ്വവര്‍ഗ്ഗ ബന്ധങ്ങൾ വിവാഹം എന്ന നിലയ്ക്ക് അംഗീകരിച്ചിട്ടില്ല.