News

വിവാഹ ബന്ധത്തിന് മറ്റൊരർത്ഥമില്ല: കെസിബിസി ജാഗ്രത കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവന

ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ 05-01-2024 - Friday

വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീർവാദങ്ങളുടെ അർത്ഥതലങ്ങൾ സംബന്ധിച്ച് 2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത "വിവാഹം" എന്ന പദത്തിനും കാഴ്ചപ്പാടിനും നിലവിൽ ഉള്ളതിൽ നിന്നു മാറ്റം വരുത്തി മറ്റൊരർത്ഥം കൽപ്പിക്കാൻ സഭയ്ക്കാവില്ല എന്ന് തന്നെയാണ്. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമുള്ള സുസ്ഥിരവും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. ദമ്പതികൾ തമ്മിലുള്ള പരസ്പര സ്നേഹവും, സ്നേഹത്തിൻ്റെ പൂർണ്ണതയായി കുഞ്ഞുങ്ങളുടെ ജനനവും ലക്ഷ്യമാക്കുന്നതാണ് ഇത് (what constitutes marriage—which is the “exclusive, stable, and indissoluble union between a man and a woman, naturally open to the generation of children”) എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രബോധന രേഖയുടെ ആദ്യഭാഗം ആരംഭിക്കുന്നതുതന്നെ.

സഭയുടെ പാരമ്പര്യവും പ്രബോധനങ്ങളും പ്രകാരം, കത്തോലിക്കാ സഭയിൽ ആശീർവദിക്കപ്പെടുന്ന ഒരു വിവാഹം നൈസർഗ്ഗികവും, യഥോചിതവും, പൂർണ്ണമായി മാനുഷിക അർത്ഥം ഉൾക്കൊള്ളുന്നതുമായ ലൈംഗികത ഉറപ്പുവരുത്തുന്ന വിവാഹമായിരിക്കണം (only in this context that sexual relations find their natural, proper, and fully human meaning). ആ അർത്ഥത്തിൽ സ്വാഭാവിക വിവാഹ ബന്ധങ്ങൾ എന്നവിധത്തിൽ സ്വവർഗ്ഗ വിവാഹം ആശീർവദിക്കാനുള്ള അധികാരം സഭയ്ക്ക് ഇല്ല (Church does not have the power to impart blessings on unions of persons of the same sex) എന്നും വിശ്വാസ തിരുസംഘം വ്യക്തമാക്കുന്നു.

വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖയെ ആത്മാർത്ഥമായി സമീപിക്കുന്ന ആർക്കും ആശയക്കുഴപ്പങ്ങൾ ഉണ്ടാകാനിടയില്ല എങ്കിലും, അത് ചില തെറ്റിദ്ധാരണകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. മുഖ്യമായും ചില തൽപരകക്ഷികളുടെ മുൻവിധിയോടു കൂടിയ വ്യാജപ്രചാരണങ്ങളാണ് അതിന് അടിസ്ഥാന കാരണമെന്ന് തിരിച്ചറിയാവുന്നതാണ്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പയുടെ ചില വാക്കുകൾ വളച്ചൊടിച്ച് തെറ്റായ ലക്ഷ്യങ്ങളോടെ അവാസ്തവങ്ങൾ പ്രചരിപ്പിക്കാനും, പാപ്പയെയും കത്തോലിക്കാ സഭയെയും അപകീർത്തിപ്പെടുത്താനും എക്കാലവും മുൻനിരയിൽ നിന്നിട്ടുള്ള ചില ഗ്രൂപ്പുകളുടെയും സെക്ടുകളുടെയും അനിയന്ത്രിത ലൈംഗിക അവകാശവാദികളുടെയും സാന്നിദ്ധ്യം ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രകടമാണ്.

തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളുടെയും, ആശയക്കുഴപ്പങ്ങളും പശ്ചാത്തലത്തിൽ വിശ്വാസ തിരുസംഘം 2024 ജനുവരി 4 ന് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു. തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളുടെയും, ആശയക്കുഴപ്പങ്ങളും പശ്ചാത്തലത്തിൽ പ്രബോധന രേഖയിലെ ആശയങ്ങൾക്ക് കൂടുതൽ വ്യക്തത നൽകിക്കൊണ്ട് വിശ്വാസ തിരുസംഘം 2024 ജനുവരി 4 ന് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു. പൂർണ്ണമായും ശാന്തമായും ഈ ഡോക്യുമെന്റ് മനസിരുത്തി വായിക്കുന്ന പക്ഷം അതിന്റെ അർത്ഥവും ഉദ്ദേശ്യശുദ്ധിയും വ്യക്തമാകുമെന്ന് പത്രക്കുറിപ്പിന്റെ ആമുഖത്തിൽ പറയുന്നു.

പ്രഖ്യാപനത്തിന്റെ പശ്ചാത്തലം ‍

കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെക്കാളുപരി, ചില രാജ്യങ്ങളിൽ സ്വവർഗ ലൈംഗിക പങ്കാളിത്തവും ക്രമവിരുദ്ധ വിവാഹ ബന്ധങ്ങളും നിയമവിധേയമാക്കിയിട്ടുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പലപ്പോഴായി ഉയർന്നിട്ടുള്ള ചോദ്യങ്ങളും, രൂപപ്പെട്ടിട്ടുള്ള വിവാദങ്ങളുമാണ് വിശ്വാസതിരുസംഘത്തിന്റെ പ്രഖ്യാപനത്തിന് പിന്നിൽ പ്രധാനമായുമുള്ളത്. "സഭ സ്വവർഗവിവാഹത്തെ ആശീർവദിക്കാൻ തീരുമാനമെടുക്കുന്നു" എന്ന വിധത്തിലുള്ള വ്യാജ പ്രചരണങ്ങൾ പലപ്പോഴായി അനേകരിൽ തെറ്റിദ്ധാരണയുയർത്തിയിട്ടുള്ള പശ്ചാത്തലത്തിൽ ഈ പ്രബോധനരേഖ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. രാഷ്ട്ര നിയമങ്ങളിൽ മാറ്റങ്ങളുണ്ടായാലും വിവാഹത്തെ സംബന്ധിക്കുന്ന സഭയുടെ പ്രബോധനങ്ങളിലും നിലപാടുകളിലും മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നു തന്നെയാണ് വിശ്വാസ തിരുസംഘം ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഇവിടെ പ്രത്യേകം ഊന്നൽ നൽകി അവതരിപ്പിക്കുന്ന ആശയം സകല മനുഷ്യർക്കും (ക്രൈസ്തവർക്ക് മാത്രമല്ല) അനുഗ്രഹവും രക്ഷയുമായ ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. "നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു" (റോമാ 5: 8 ), എന്ന വചനത്തെ മുൻനിർത്തി, പാപാവസ്ഥയെ കരുണയോടെ വീക്ഷിക്കുന്ന ദൈവത്തിന്റെ അടിസ്ഥാന സ്വഭാവത്തെ സാന്ദർഭികമായി നമ്മെ ഓർമ്മപ്പെടുത്തുന്ന ഫ്രാൻസിസ് പാപ്പയുടെ നിലപാടും ഈ ഔദ്യോഗിക രേഖയുടെ പശ്ചാത്തലമായി വിശ്വാസ തിരുസംഘം എടുത്തുപറയുന്നു.

പലപ്പോഴായി വിശ്വാസ തിരുസംഘം നൽകിവരുന്ന പ്രതികരണങ്ങളുടെ തുടർച്ചയായി, സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ഔപചാരികവും അനൗപചാരികവുമായ നിരവധി ചോദ്യങ്ങളെ, മഹത്തരവും സമാശ്വാസം പകരുന്നതുമായ നിത്യസത്യത്തിന്റെ വെളിച്ചത്തിൽ വിശാലമായ വീക്ഷണങ്ങളോടെ ഉൾക്കൊണ്ടുകൊണ്ട് സമീപിക്കുകയാണ് വിശ്വാസ തിരുസംഘം ചെയ്തിട്ടുള്ളത് എന്നുള്ളത് ആമുഖ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഒന്നുകൂടി വ്യക്തമാക്കിയാൽ, സഭയുടെ മാറ്റമില്ലാത്ത പ്രബോധനങ്ങളെ ഒരിക്കൽക്കൂടി അടിവരയിട്ട് ഉറപ്പിക്കുന്നതോടൊപ്പം, ഈ കാലഘട്ടത്തിന്റെ സന്ദേഹങ്ങളെയും ആശയക്കുഴപ്പങ്ങളെയും തെറ്റിദ്ധാരണകളെയും തുടച്ചുനീക്കുന്നതിനുള്ള കാൽവയ്പ്പാണ് വിശ്വാസ തിരുസംഘം സ്വീകരിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിന്റെ ചൈതന്യം ഉൾക്കൊണ്ടു കൊണ്ട് ശരിയായ രീതിയിൽ വിശദീകരിക്കപ്പെടുന്നതിനേക്കാളേറെ, പദങ്ങളെയും ആശയങ്ങളയും പ്രതിയുള്ള ദുർവ്യാഖ്യാനങ്ങളും വ്യാജപ്രചാരണങ്ങളും സമൂഹത്തിൽ പ്രചരിക്കപ്പെടാനിടയായ സാഹചര്യമാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായത്.

ആശീർവാദങ്ങളുടെ അർത്ഥതലങ്ങൾ ‍

ആശീർവാദങ്ങളുടെ അജപാലനപരമായ അർത്ഥത്തെക്കുറിച്ച് (On the Pastoral Meaning of Blessings) ആണ് വിശ്വാസതിരുസംഘത്തിന്റെ പ്രഖ്യാപന രേഖ എഴുതപ്പെട്ടിരിക്കുന്നത്. അജപാലകരുടെ കൈവയ്പ്പിനെക്കുറിച്ചും ആശീർവാദങ്ങളെക്കുറിച്ചും സഭയുടെ പ്രബോധനങ്ങൾക്ക് വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വ്യാഖ്യാനങ്ങളും അനുബന്ധ പ്രചാരണങ്ങളും വളരെയധികം വർധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രത്യേക പശ്ചാത്തലം ഈ പ്രബോധന രേഖയ്ക്കുണ്ട് എന്നുള്ളത് വ്യക്തമാണ്.

കൂടുതൽ തെറ്റിദ്ധാരണകൾക്ക് ഇടയുണ്ടാകാത്ത വിധം, "വിവാഹമെന്ന കൂദാശയിലെ ആശീർവാദം" ആദ്യഭാഗത്ത് വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. അതനുസരിച്ച്, മുമ്പ് വ്യക്തമാക്കിയതുപോലെ കത്തോലിക്കാ സഭയുടെ മാറ്റമില്ലാത്ത പ്രബോധനങ്ങൾ (Church’s perennial teaching) പ്രകാരം വിവാഹ ബന്ധത്തിന് മറ്റൊരു അർത്ഥമില്ല, അത് ഉണ്ടാവുകയുമില്ല.

ആദ്യമേ തന്നെ വിവാഹവുമായി ബന്ധപ്പെട്ട സഭയുടെ പ്രബോധനങ്ങൾ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിയതിന് ശേഷമാണ് ഈ പ്രബോധനരേഖയിൽ, "വിവിധ ആശീർവാദങ്ങളുടെ അർത്ഥം" എന്ന സുപ്രധാനവും ദീർഘവുമായ ഭാഗം അവതരിപ്പിക്കുന്നത്. ആശീർവാദങ്ങളുടെ വിശാലമായ വീക്ഷണത്തിലേക്കാണ് സഭ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സകല ജനങ്ങൾക്കും അവകാശമായ ക്രിസ്തു എന്ന ദൈവിക സമ്മാനത്തെക്കുറിച്ചും, വേർതിരിവുകളില്ലാതെ നൽകപ്പെടുന്ന ക്രിസ്തുവിൽനിന്നുള്ള അനുഗ്രഹത്തെക്കുറിച്ചുമാണ് തുടർന്നുള്ള ഭാഗങ്ങളിൽ പ്രബോധന രേഖ വിശദീകരിക്കുന്നത്.

ആരാധനാക്രമപരമായി ആശീർവാദങ്ങളെ സമീപിക്കുമ്പോൾ അത് നിർബ്ബന്ധമായും ദൈവേച്ഛയ്ക്ക് വിധേയപ്പെട്ടുള്ളതും സഭാപ്രബോധനങ്ങൾക്ക് അനുസൃതവും ആയിരിക്കേണ്ടതുണ്ടെങ്കിലും, ആശീർവാദങ്ങൾക്ക് മറ്റൊരു തലംകൂടിയുണ്ട്. അടിസ്ഥാനപരമായി മനുഷന്റെ സഹനങ്ങൾക്കും, അധ്വാനത്തിനും, നേട്ടങ്ങൾക്കും മേൽ ദൈവകൃപ യാചിക്കുന്നതിനും, അനുഗ്രഹത്തിനായി അപേക്ഷിക്കുന്നതിന്റെ ഭാഗമായും, തിന്മയുടെ ശക്തിയെ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് വിശ്വാസികൾ ആശീർവാദം സ്വീകരിക്കുന്നത്. ഒപ്പം ദൈവത്തോടുള്ള നന്ദി പ്രകടനം കൂടിയാണത്.

ഇക്കാരണങ്ങളാൽ ആശീർവാദം അഭ്യർത്ഥിക്കുന്നവരുടെ സ്വാഭാവിക പ്രകൃതിയെ വിശ്വാസം വഴി ശക്തിപ്പെടുത്താനായി സഭ പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രബോധനരേഖ വ്യക്തമാക്കുന്നുണ്ട്. എല്ലായ്പ്പോഴും എവിടെയും പരിശുദ്ധാത്മാവിൽ ക്രിസ്തു വഴി ദൈവത്തെ മഹത്വപ്പെടുത്താനുള്ള അവസരം സംലഭ്യമാകേണ്ടതുണ്ട് എന്നതാണ് സഭയുടെ ഇക്കാര്യത്തിലെ നിലപാട്. എന്നാൽ, വസ്തുക്കളും സ്ഥലങ്ങളും സാഹചര്യങ്ങളും നിയമത്തിനും സുവിശേഷത്തിന്റെ അന്തഃസത്തയ്ക്കും വിരുദ്ധമാകാതിരിക്കാനുള്ള ശ്രദ്ധ (Pastoral Prudence) ആവശ്യമാണെന്നും രേഖ ഓർമ്മിപ്പിക്കുന്നു.

ക്രമവിരുദ്ധ അവസ്ഥകളിലുള്ള പങ്കാളികളെ ആശീർവദിക്കുന്നതിനെക്കുറിച്ച് ‍

ആശയക്കുഴപ്പങ്ങൾ ഒഴിവാക്കപ്പെടേണ്ടതുള്ളതിനാൽ, ഇത്തരം ജീവിതാവസ്ഥകളിൽ ഉള്ളവർക്ക് ആശീർവാദം നൽകുന്നതിനായി ഒരു പൊതു രൂപരേഖയോ രീതിയോ രൂപപ്പെടുത്താൻ പാടില്ല എന്ന് പ്രബോധന രേഖ വ്യക്തമാക്കുന്നുണ്ട്. വിവാഹം ഉൾപ്പെടെ ഒട്ടേറെ ആശീർവാദങ്ങൾക്കായി നിയതമായ രീതികളും അതിനാവശ്യമായ പ്രാർത്ഥന പുസ്തകങ്ങളും ഉണ്ടായിരിക്കെ, അപ്രകാരമൊന്ന് ഇക്കാര്യത്തിൽ പാടില്ല എന്ന നിർദ്ദേശമാണ് വത്തിക്കാൻ നൽകുന്നത്.

മാത്രമല്ല, സാധാരണ ആശീർവാദങ്ങളിൽനിന്ന് വ്യത്യസ്തമായി, ദൈവ കരുണയും ദൈവത്തിന്റെ സഹായവും യാചിക്കുന്നവരെന്ന് സ്വയം വിലയിരുത്തുന്നവരായി തങ്ങൾക്ക് മുന്നിലുള്ളവരെ പരിഗണിച്ചുകൊണ്ടുകൂടി വേണം വൈദികൻ അവരെ ആശീർവദിക്കേണ്ടത് എന്ന് പ്രത്യേകം വ്യക്തമാക്കിയിരിക്കുന്നു. ഇത്തരമൊരു നിർദ്ദേശം കൃത്യമായി നല്കിയിരിക്കുന്നതിനാൽ തന്നെ, പങ്കാളികൾ എന്ന നിലയിലോ, പങ്കാളിത്തത്തെ പരിഗണിച്ചുകൊണ്ടോ ഉള്ള ആശീർവ്വാദമല്ല, വ്യക്തികൾ എന്ന നിലയിൽ അവരുടെ പാപാവസ്ഥയെ ഉൾക്കൊണ്ടുകൊണ്ടുള്ള ആശീർവാദമാണ് നല്കാവുന്നത് എന്ന് സുവ്യക്തമാണ്.

ഏതെങ്കിലും രാജ്യത്തെ നിയമങ്ങൾ പ്രകാരം വിവാഹം ചെയ്യുന്നവരെങ്കിൽ, അത്തരമുള്ള ഏതെങ്കിലും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടോ, അതുമായി ബന്ധപ്പെട്ട് എന്ന് തെറ്റിദ്ധരിക്കുന്ന വിധത്തിലോ (വേഷവിധാനങ്ങൾക്കൊണ്ടോ, രൂപ ഭാവങ്ങൾക്കൊണ്ടോ, വാക്കുകൊണ്ടു പോലുമോ) ആശീർവാദങ്ങൾ നൽകാൻ പാടില്ല എന്ന് ക്രമ വിരുദ്ധ അവസ്ഥകളിലും, സ്വർഗ്ഗ പങ്കാളികൾ എന്ന നിലയിലുമുള്ളവർക്ക് ആശീർവാദം നൽകുന്നതുമായി ബന്ധപ്പെട്ട് രേഖ വ്യക്തമാക്കുന്നു. മറിച്ച്, മറ്റു സാഹചര്യങ്ങളിൽ ദൈവാലയങ്ങൾ സന്ദർശിക്കുമ്പോഴോ, വൈദികനെ കണ്ടുമുട്ടുമ്പോഴോ, തീർഥാടന കേന്ദ്രങ്ങളിൽ എത്തുമ്പോഴോ ആവശ്യപ്പെടുന്ന പക്ഷം, തിരുസഭയുടെ മാതൃ ഹൃദയത്തിന്റെ വെളിപ്പെടുത്തൽ എന്ന വിധത്തിൽ കരുണയോടെ ചേർത്തു നിർത്തുന്നതിന്റെ ഭാഗമായി മാത്രമാണ് അത്തരം വ്യക്തികൾക്ക് ആശീർവാദം നൽകാവുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, വ്യാപകമാകുന്ന തെറ്റിദ്ധാരണകൾക്കും ആശയക്കുഴപ്പങ്ങൾക്കും മധ്യേ കത്തോലിക്കാ സഭയുടെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുകയാണ് വിശ്വാസ തിരുസംഘം. ദൈവത്തിന്റെ കരുണയും അനന്ത സ്നേഹവും, ക്രിസ്തുവിന്റെ അനുഗ്രഹവും സകല മനുഷ്യർക്കും അവകാശപ്പെട്ടതാണെന്നിരിക്കെ മുൻവിധികളോടെ ചിലരെ മാറ്റിനിർത്തേണ്ടതില്ല എന്നതാണ് സഭയുടെ കഴ്ചപ്പാട്. അതിനാൽ, കരുണയും സഹായവും യാചിച്ച് ദൈവതിരുമുമ്പിൽ എത്തുന്നവരെ സുവിശേഷത്തോടുള്ള വിശ്വസ്തതയിലേയ്ക്കും പക്വമായ ബന്ധങ്ങളിലേക്കുള്ള പരിവർത്തനത്തിലേയ്ക്കും നയിക്കാനുള്ള കൃപയ്ക്കായി വൈദികർക്ക് പ്രാർത്ഥിക്കാവുന്നതാണ് എന്ന് പ്രബോധന രേഖ വ്യക്തമാക്കുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളിലും സഭയുടെ എക്കാലത്തെയും നിലപാടിനെ ഒരിക്കൽക്കൂടി ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് ഇവിടെ വിശ്വാസ തിരുസംഘം ചെയ്തിരിക്കുന്നത്.

ദൈവകരുണയ്ക്ക് മുന്നിൽ സ്വയം സമർപ്പിക്കാനും പരിവർത്തന വിധേയരാകാനുമുള്ള അവസരം ആർക്കും നിഷേധിക്കപ്പെടാൻ പാടില്ല എന്ന നിലപാട് സഭ ഈ വിഷയത്തിൽ സ്വീകരിക്കുമ്പോഴും, സ്വവർഗ്ഗ - ക്രമവിരുദ്ധ പങ്കാളിത്തങ്ങൾ സംബന്ധിച്ച് ചില ലോകരാജ്യങ്ങളുടെ സിവിൽ നിയമങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കിടയിലും, അത്തരമൊരു പങ്കാളിത്തത്തെ വിവാഹം എന്ന അർത്ഥത്തിൽ പരിഗണിക്കാനാവില്ലെന്നും, സഭയുടെ വിവാഹ ആശീർവാദത്തിന്റെ പരിധിയിൽ ഇത്തരം പങ്കാളിത്തങ്ങളെ ഉൾപ്പെടുത്താനുള്ള അധികാരം സഭയ്ക്കില്ലെന്നും വത്തിക്കാനിലെ വിശ്വാസ തിരുസംഘം വ്യക്തമാക്കിയിരിക്കുകയാണ്.

അനിയന്ത്രിതമായും നിർബ്ബന്ധിതമായും LGBTQIA+ സംഘടനകളും കൂട്ടായ്മകളും മുന്നോട്ടുവയ്ക്കുന്ന ലൈംഗിക സങ്കൽപ്പങ്ങളെയും നവ ലൈംഗിക പങ്കാളിത്ത - വിവാഹ കാഴ്ചപ്പാടുകളെയും തള്ളി കളയുകയും സഭയുടെ നിലപാടുകളെ ശക്തമായും ആവർത്തിച്ചും വ്യക്തമാക്കുകയുമാണ് ഈ പ്രഖ്യാപനം. കൂടുതൽ ധാർമ്മിക ചർച്ചകൾക്കും ദൈവശാസ്ത്ര സംവാദങ്ങൾക്കും ഈ പ്രഖ്യാപനം വേദിയാകുന്നത് സ്വാഗതാർഹം തന്നെയാണ്. എന്നാൽ, ഫ്രാൻസീസ് മാർപാപ്പയും വിശ്വാസതിരുസംഘവും വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗതമായ പ്രബോധനങ്ങളെ നിരാകരിച്ച്, സ്വവർഗ്ഗ വിവാഹത്തെ അംഗീകരിച്ചു എന്ന വിധത്തിലുള്ള വാദങ്ങൾ തീർത്തും വാസ്തവ വിരുദ്ധമാണ്. വിശ്വാസികളെ ഭിന്നിപ്പിക്കാനും ധാർമിക - കുടുംബ വിഷയങ്ങളിലുള്ള സഭയുടെ ശക്തമായ നിലപാടുകളെ അവഹേളിക്കാനുമുള്ള ഇത്തരം ശ്രമങ്ങളെ നാം ജാഗ്രതയോടെ തിരിച്ചറിയുക തന്നെ വേണം.

(ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്).


Related Articles »