Faith And Reason - 2024

അമേരിക്കയില്‍ ഓരോ വര്‍ഷവും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത് ആയിരങ്ങള്‍

സ്വന്തം ലേഖകന്‍ 16-10-2018 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: വിശ്വാസികളുടെ കൊഴിഞ്ഞു പോക്കിനെ അതിജീവിച്ചുകൊണ്ട് അമേരിക്കയിലെ കത്തോലിക്ക സഭ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍. ഓരോ വര്‍ഷവും ആയിരകണക്കിന് ആളുകള്‍ കത്തോലിക്കാ സഭയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അലെക്സ് ബീം കഴിഞ്ഞ ദിവസം ദ ബോസ്റ്റണ്‍ ഗ്ലോബ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായി ഈ വര്‍ഷവും അനേകം സ്ത്രീപുരുഷന്മാരാണ് ഇതര മതങ്ങളില്‍ നിന്നും സെക്റ്റുകളില്‍ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും യേശു ക്രിസ്തുവിനാല്‍ സ്ഥപിക്കപ്പെട്ട സഭ എന്നതിനാലാണ് ഇതര ക്രിസ്ത്യന്‍ സഭകളില്‍ നിന്നുള്ളവര്‍ കത്തോലിക്ക സഭയിലേക്ക് ചേക്കേറാനുള്ള കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കന്‍ കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ ലൈംഗീകാപവാദങ്ങള്‍ ഒരംഗം വരുമ്പോള്‍ ആറു പേര്‍ പോകുന്നു എന്ന നിലയിലേക്ക് കത്തോലിക്കാ സഭയെ എത്തിച്ചിരുന്നു. ഇതര ക്രിസ്ത്യന്‍ സഭകളായ ആംഗ്ലിക്കന്‍ സഭയുടെ വേരുകള്‍ പതിനാറാം നൂറ്റാണ്ടിലെ ഹെന്രി എട്ടാമന്‍ രാജാവിലാണ് അവസാനിക്കുന്നത്. ലൂഥറന്‍ സഭ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും, മോര്‍മോണ്‍ സഭ ജോസഫ് സ്മിത്ത് ബെഗോട്ടുമാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ പത്രോസാകുന്ന പാറമേല്‍ യേശു തന്നെ സ്ഥാപിച്ചിരിക്കുന്ന സഭയാണ് റോമന്‍ കത്തോലിക്കാ സഭയെന്നും അലെക്സ് ബീം ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

പ്രൊട്ടസ്റ്റന്‍റ് സെക്റ്റുകളില്‍ നിന്നും കത്തോലിക്ക സഭയില്‍ അംഗമായ ഏതാനും പേരുടെ ചെറുവിവരണവും അലെക്സ് ലേഖനത്തില്‍ നല്‍കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കത്തോലിക്ക വിശ്വാസിയായ പ്രിസ്ബൈറ്റേറിയന്‍ സഭാംഗവും മുന്‍ സ്കൂള്‍ അധ്യാപകയുമായ പ്രിസില്ല ഹൊല്ലെരാന് തന്റെ പുതിയ സഭയെക്കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെക്കുവാനുള്ളത്. തന്റെ ഭര്‍ത്താവിന്റെ സഭ എന്ന നിലയിലാണ് പ്രിസില്ല കത്തോലിക്കാ സഭയിലെ ചേര്‍ന്നത്. എപ്പിസ്കോപ്പല്‍ സഭാംഗമായിരുന്ന വോള്‍ഫെ യങ്ങും പുതുതായി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതാണ്‌. ഇദ്ദേഹത്തിന്റെ വിശ്വാസ നിലപാട് ലേഖകന്‍ പ്രത്യേകം എടുത്തുക്കാട്ടുന്നുണ്ട്.

കത്തോലിക്കാ സഭയില്‍ അംഗമാകുന്നതിന് മുന്‍പ് തന്നെ ജപമാല ചൊല്ലാറുണ്ടായിരുന്നുവെന്ന് യങ്ങ് സമ്മതിക്കുന്നു. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള കത്തോലിക്കാ സഭയുടെ ചരിത്രപരമായ ആധികാരികത തന്നെയാണ് സഭയെ നേര്‍വഴിയിലേക്ക് നയിക്കുന്നതെന്നും കത്തോലിക്ക സഭ എന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ഏതൊരു കൂട്ടായ്മക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ തന്നെയാണെന്നും യങ്ങ് പറഞ്ഞതായി അലെക്സ് ബീം പരാമര്‍ശിക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ അനേകം വിശ്വാസികളെ അമേരിക്കന്‍ കത്തോലിക്ക സഭക്ക് നഷ്ടപ്പെട്ടെന്ന വാര്‍ത്ത പരക്കുന്നതിനിടെ വിശ്വാസികള്‍ക്കും ആഗോള സഭയ്ക്കും ഏറെ ആശ്വാസം പകരുന്നതാണ് ദ ബോസ്റ്റണ്‍ ഗ്ലോബ് ദിനപത്രത്തില്‍ വന്ന ലേഖനം.

More Archives >>

Page 1 of 5