Faith And Reason - 2024

യേശുവിനെ പ്രതി നിന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്, വിമര്‍ശനങ്ങൾ വരുമ്പോൾ ദൈവത്തെ സ്തുതിക്കുന്നു: യുഎസ് വൈസ് പ്രസിഡന്റ് പെൻസ്

സ്വന്തം ലേഖകന്‍ 03-09-2018 - Monday

കാലിഫോർണിയ: യേശുവിലുള്ള തന്റെ വിശ്വാസത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കാറില്ലെന്നും, അപ്പോഴെല്ലാം ദൈവത്തെ സ്തുതിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ക്രിസ്റ്റ്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്കിന് (CBN) നല്‍കിയ അഭിമുഖത്തിലാണ് വിശ്വാസത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വരുന്ന വ്യക്തിഹത്യകളെക്കുറിച്ചും തന്റെ ആഴമായ വിശ്വാസത്തെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞത്.

“എന്റെ സഹോദരരേ, വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുന്നതെന്ന് അറിയാമല്ലോ” (യാക്കോബ് 1:2-3) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് വിമർശന സമയത്തു താൻ ദൈവത്തെ സ്തുതിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്ന സാക്ഷ്യം അദ്ദേഹം പ്രഘോഷിച്ചത്. അമേരിക്ക ദൈവ വിശ്വാസത്തിലധിഷ്ടിതമായ രാജ്യമാണെന്നും, ഓരോ അമേരിക്കകാരന്റേയും, വിശ്വാസങ്ങളേയും ബഹുമാനിക്കുന്നുണ്ടെന്നും, ജനത ദൈവ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പെന്‍സ് പറഞ്ഞു.

തന്റെ ശക്തമായ ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ പെന്‍സ് പലപ്രാവശ്യം പരിഹസിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ടോക് ഷോ അവതാരകനും കൊമേഡിയനുമായ ജോയ് ബെഹാര്‍ പെന്‍സിന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ “മാനസിക രോഗി” എന്ന് വിളിച്ച് പരിഹസിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും ചെയ്തു. മൈക്കേല്‍ ഡി അന്റോണിയോ, പീറ്റര്‍ എയിസ്നര്‍ എന്നീ രചയിതാക്കള്‍ എഴുതിയ ‘ദി ഷാഡോ പ്രസിഡന്റ് : ദി ട്രൂത്ത് എബൌട്ട് മൈക് പെന്‍സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം അടുത്തകാലത്തായിരുന്നു.“അമേരിക്കന്‍ ചരിത്രത്തില്‍ എറ്റവുമധികം വിജയിച്ചിട്ടുള്ള ക്രിസ്ത്യന്‍ ഉന്നതാധികാരി” എന്നാണു പുസ്തകത്തില്‍ പെന്‍സിനെ വിശേഷിപ്പിച്ചിട്ടുള്ളത്.


Related Articles »