News - 2025

സുവിശേഷവത്കരണത്തിന്റെ ഒന്നര നൂറ്റാണ്ടിന്റെ നിറവില്‍ ടാൻസാനിയ

സ്വന്തം ലേഖകന്‍ 07-11-2018 - Wednesday

ഡൊഡൊമ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയില്‍ സുവിശേഷവത്കരണത്തിന്റെ നൂറിയമ്പതാം വാര്‍ഷികം ആഘോഷിച്ചു. കഴിഞ്ഞ ഞായറാഴ്ച ബാഗമോയോയിൽ നടന്ന ചടങ്ങിൽ ആയിരകണക്കിന് കത്തോലിക്കർ പങ്കെടുത്തു. പ്രസിഡന്റ് ജോൺ മാഗുഫുലി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. മാർപാപ്പയുടെ ഔദ്യോഗിക പ്രതിനിധിയും നെയ്റോബി ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ജോൺ നജുവേ പ്രാർത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. ക്രൈസ്തവരെന്ന നിലയിൽ ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും പാലിക്കണമെന്നും രാജ്യത്ത് സമാധാനം നിലനിറുത്തണമെന്നും അദ്ദേഹം ടാൻസാനിയൻ സമൂഹത്തോട് ആവശ്യപ്പെട്ടു.

സമാധാനത്തിന്റെ വിത്തുകൾ പാകിയ മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾ ഫലമണിയിക്കുക നമ്മുടെ ലക്ഷ്യമാണ്. അതിൽ നാം എത്രമാത്രം വിജയിച്ചിരിക്കുന്നുവെന്ന് സ്വയം വിലയിരുത്തണം. ക്രൈസ്തവ വിശ്വാസം ആഴപ്പെടാനാവശ്യമായ വൈദികരുടെ പ്രവർത്തനങ്ങളാണ് ടാൻസാനിയൻ സഭയിൽ തുടർന്ന് ലക്ഷ്യമിടുന്നതെന്ന് അരുഷയിലെ മുൻ ആർച്ച് ബിഷപ്പ് ജോസഫത്ത് ലൂയിസ് ലെബുലു പ്രതികരിച്ചു.

ബാഗമോയോയിലെ ഹോളി ഘോസ്റ്റ് മിഷ്ണറിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ടാൻസാനിയൻ സുവിശേഷവത്കരണത്തിന് വിത്ത് പാകിയത്. നിരവധി പീഡനങ്ങളിലൂടെയും വേദനകളിലൂടെയും കടന്നു പോയ ബാഗമോയോയിൽ ആഫ്രിക്കൻ അടിമകളെ വിലക്കുകയും കയറ്റിയയ്ക്കുകയും ചെയ്തിരുന്നു. മിഷ്ണറിമാരുടെ ഇടപെടലാണ് ബാഗമോയോയുടെ ഇന്നത്തെ ഉയർച്ചയ്ക്ക് കാരണം. അതിനാലാണ് വാർഷികാഘോഷങ്ങൾക്ക് നടത്തുവാൻ ഈ സ്ഥലം തെരഞ്ഞെടുത്തത്. 1868ൽ അടിമത്വത്തിൽ നിന്നും രക്ഷയിലേക്ക് എന്ന ആശയത്തോടെ വിശ്വാസത്തിന്റെ പ്രതീകമായ വിശുദ്ധ കുരിശ് ബാഗമോയോയിൽ സ്ഥാപിച്ചിരുന്നതായും ആർച്ച് ബിഷപ്പ് ലെബുലോ സ്മരിച്ചു.


Related Articles »