News - 2024

ഇത്തവണത്തെ വത്തിക്കാൻ ക്രിസ്തുമസ് സ്റ്റാമ്പുകൾ രൂപകൽപന ചെയ്തത് തടവുപുള്ളി

സ്വന്തം ലേഖകന്‍ 10-11-2018 - Saturday

വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ജനന തിരുനാളിന് ഒരുക്കമായി ഇത്തവണത്തെ വത്തിക്കാൻ ക്രിസ്തുമസ് സ്റ്റാമ്പുകൾ രൂപകല്‍പ്പന ചെയ്തത് തടവുപുള്ളി. വത്തിക്കാൻ തപാൽ വകുപ്പ് ഒക്ടോബർ മുപ്പതിന് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. മിലാനിലെ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മാർസലോ ഡി അഗത രൂപകൽപന ചെയ്ത മംഗള വാർത്തയുടെ ചിത്രമുള്ള സ്റ്റാമ്പും, ഉണ്ണീശോയെ കെെകളിലേന്തിയ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്റ്റാമ്പുമാണ് വത്തിക്കാൻ ഇത്തവണ പുറത്തിറക്കുന്നത്. തടവിൽ കഴിയുന്നവരോടും കാരുണ്യമുളളവരായിരിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശത്തോടുളള പ്രതികരണം എന്ന നിലയിലാണ് തടവുപുള്ളിയെ സ്റ്റാമ്പ് രൂപീകരണത്തിന്ഏല്‍പ്പിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു.

കുറ്റകൃത്യം ചെയ്ത ജീവിതത്തിന്റെ അവസാനമായല്ല മറിച്ച് പുതിയ മനുഷ്യനായിയുളള ജീവിതത്തിന്റെ ആരംഭമായാണ് ജയിലിനെ കാണേണ്ടത് എന്ന് ജയിൽവാസികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും സ്റ്റാമ്പുകളെ പറ്റി വത്തിക്കാൻ പുറത്തിറക്കിയ ലഘുലേഖയിൽ സൂചിപ്പിക്കുന്നു. പിന്നോട്ട് നോക്കി വിഷമിക്കാതെ മുന്നോട്ട് നോക്കാൻ സഹായിച്ചാൽ മാത്രമേ ജയിൽ ശിക്ഷ ഫലദായകമാകൂയെന്ന് കഴിഞ്ഞ ആഗസ്റ്റു മാസം അർജന്‍റീനയിലെ ജയിലിൽ കഴിയുന്നവർക്ക് അയച്ച വീഡിയോ സന്ദേശത്തിൽ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു.


Related Articles »