News - 2024

സ്വവർഗ്ഗ വിവാഹത്തിനെതിരെ വിധിയെഴുതി തായ്‌വാൻ ജനത

സ്വന്തം ലേഖകന്‍ 26-11-2018 - Monday

തായ്പേ: സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ വിധിയെഴുതി തായ്‌വാനിലെ ജനങ്ങൾ. ശനിയാഴ്ച നടന്ന ജനഹിത പരിശോധനയിലാണ് വിവാഹം എന്നത് പുരുഷനും, സ്ത്രീയും തമ്മിൽ മാത്രമായിരിക്കും എന്ന തങ്ങളുടെ നിലപാടിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം സ്വവർഗ്ഗത്തിൽപ്പെട്ടവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് തടസ്സമില്ലെന്ന് രാജ്യത്തെ ഒരു ഹെെക്കോടതി ഉത്തരവിട്ടിരിന്നു. തായ്‌വാൻ ഭരണകൂടത്തോട് അതിന് ആവശ്യമായ നിയമം പാസാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

സർക്കാർ പുതിയ നിയമനിർമ്മാണം നടത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ശനിയാഴ്ച നടന്ന ജനഹിതപരിശോധനയിൽ സ്വവർഗ വിവാഹങ്ങൾക്കെതിരെ ജനങ്ങൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതോടെ ഭരണകൂടം പ്രതിരോധത്തിലായിരിക്കുകയാണ്. വിവാഹത്തെ സംബന്ധിച്ച് മൂന്ന് വ്യത്യസ്ത തരത്തിലുള്ള ജനഹിത പരിശോധനകളാണ് ശനിയാഴ്ച ദിവസം നടന്നത്. സ്വവര്‍ഗ്ഗ ബന്ധത്തിനെതിരെ ശക്തമായ രീതിയില്‍ കത്തോലിക്ക സഭ സ്വരമുയര്‍ത്തിയിരിന്നു. വിവാഹം എന്നത് പുരുഷനും, സ്ത്രീയും തമ്മിൽ മാത്രം സാധ്യമാകൂയെന്നും നിയമത്തിന് പൊളിച്ചെഴുത്ത് പാടില്ലായെന്ന നിലപാടാണ് രാജ്യത്തെ യാഥാസ്ഥിതിക പാർട്ടി ജനഹിത പരിശോധനയുടെ പ്രചാരണ സമയത്ത് എടുത്തത്.

രാജ്യത്തെ ജനങ്ങളും യാഥാസ്ഥിതിക പാർട്ടിയുടെ നിലപാടിന് പിന്തുണ നൽകുന്ന രീതിയിൽ വോട്ടു ചെയ്യുകയായിരുന്നു. അതേസമയം ജനങ്ങളുടെ താൽപര്യത്തിനു വിരുദ്ധമായി ഭരണഘടനയിൽ ഭേദഗതിവരുത്താതെ തന്നെ പ്രത്യേക നിയമനിർമ്മാണത്തിലൂടെ സ്വവർഗ്ഗ ബന്ധങ്ങൾ നിയമ വിധേയമാക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. എന്നാൽ ദുര്‍ബ്ബലമായ നിയമനിർമ്മാണമെ ഇതിലൂടെ സാധ്യമാകൂയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.


Related Articles »