Youth Zone - 2025
ആംഗ്ലിക്കന്‍ സഭ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കില്ല: ആർച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി
പ്രവാചകശബ്ദം 22-01-2023 - Sunday
ലണ്ടന്‍: സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്ന് ബ്രിട്ടന്‍ കേന്ദ്രമായ ആംഗ്ലിക്കന്‍ സമൂഹത്തിന്റെ മാതൃസഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. അതേസമയം ഇത്തരത്തില്‍ കഴിയുന്നവരുടെ ജീവിതത്തിലെ ചില പ്രധാന ചടങ്ങുകള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ അനുവദിക്കുമെന്നും സൂചനയുണ്ട്. ഫെബ്രുവരി 6 മുതല്‍ 9 വരെ നടക്കുവാനിരിക്കുന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറല്‍ സുനഹദോസില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ളതാണെന്നും, സ്വവര്‍ഗ്ഗ വിവാഹങ്ങളെ ആശീര്‍വദിക്കുവാന്‍ പുരോഹിതര്‍ക്ക് കഴിയില്ലെന്നുമുള്ള നിലപാടിലാണ് സഭ.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റേ നേതാക്കള്‍ ആംഗ്ലിക്കന്‍ സഭാംഗങ്ങളുമായി കഴിഞ്ഞ വേനല്‍ക്കാലത്ത് ലാംബെര്‍ത്തില്‍ വെച്ച് യോഗത്തിനിടെ സ്വവര്‍ഗ്ഗ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പുരുഷനും സ്ത്രീയും തമ്മിലേ വിവാഹം പാടുള്ളൂ എന്ന അഭിപ്രായമാണ് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞതെങ്കിലും അംഗങ്ങളില്‍ ചിലര്‍ സ്വവര്‍ഗ്ഗവിവാഹം അനുവദിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. സാധാരണ വിവാഹങ്ങളിലേതു പോലെ നിയമപരമായി അംഗീകരിക്കപ്പെട്ട സ്വവര്‍ഗ്ഗ വിവാഹ ബന്ധത്തിലെ ചില സുപ്രധാന ചടങ്ങുകള്‍ക്ക് വേണ്ട പ്രാര്‍ത്ഥനകള്‍ കൂടി ചേര്‍ക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നാണ് സഭാതലവന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറയുന്നത്.
സഭയില്‍ വരുത്തിയിരിക്കുന്ന ഈ മാറ്റങ്ങള്‍ ക്രൈസ്തവരെ പ്രത്യേകിച്ച് സ്വവര്‍ഗ്ഗാനുരാഗികളെ ക്രിസ്തുവിന്റെ തിരുശരീരത്തോട് കൂടുതല്‍ അടുപ്പിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ജസ്റ്റിന്‍ വെല്‍ബി കൂട്ടിച്ചേര്‍ത്തു. നേരത്തെ വിവാഹം സംബന്ധിച്ച പരമ്പരാഗത പ്രബോധനങ്ങള്‍ക്കെതിരെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഓക്സ്ഫോര്‍ഡ് മെത്രാന്‍ സ്റ്റീവന്‍ ക്രോഫ്റ്റിനേപ്പോലെയുള്ള ചിലര്‍ രംഗത്തെത്തിയിരുന്നു. ഹെന്‍റി എട്ടാമന്‍ രാജാവ് മാര്‍പാപ്പയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന്‍ 1534-ലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമായത്.
വത്തിക്കാനുമായി ബന്ധമില്ലാത്ത ആംഗ്ലിക്കന്‍ വിഭാഗങ്ങളിലൊന്നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. സ്വവര്‍ഗ്ഗവിവാഹം അടക്കമുള്ള വിഷയങ്ങളിലെ അഭിപ്രായ ഭിന്നതമൂല്യം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ചില മെത്രാന്മാര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിരുന്നു. 2007 മുതല്‍ പത്തൊന്‍പതോളം ആംഗ്ലിക്കന്‍ മെത്രാന്മാരാണ് കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.
Must Read: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?