India - 2025
ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിന്റെ സംസ്‌കാരം 18ന്
സ്വന്തം ലേഖകന്‍ 16-12-2018 - Sunday
ഗ്വാളിയോര്‍: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ഗ്വാളിയോര്‍ ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിന്റ സംസ്‌കാരം 18നു രാവിലെ 11ന് ഗ്വാളിയര്‍ സെന്റ് പോള്‍സ് കത്തീഡ്രലിലെ സെമിത്തേരിയില്‍ നടക്കും. സംസ്‌കാര ശുശ്രൂഷയില്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടും രൂപതാ പ്രതിനിധികളും പങ്കെടുക്കും. തെന്നാട്ട് കുരുവിള അന്നമ്മ ദന്പതികളുടെ മകനായ അദ്ദേഹം, കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. 2017 ജനുവരി എട്ടിനാണ് ഗ്വാളിയര്‍ രൂപതാ ബിഷപ്പായി നിയമിതനായത്.
1969ല്‍ പള്ളോട്ടൈന്‍ (സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ്) സന്യാസസഭയില്‍ ചേര്‍ന്ന ഇദ്ദേഹം 1978 ഒക്ടോബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു. 1980 വരെ അമരാവതി രൂപതയിലും തുടര്ന്ന് 1981 വരെ എലൂര്‍ രൂപതയിലും ചാപ്‌ളെയിനായി പ്രവര്‍ത്തിച്ചു. പൂന സെമിനാരിയില്‍നിന്നു തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ് നേടി. ഹൈദരാബാദ് രൂപതയിലെ മഡ്‌ഫോര്‍ട്ട് സെന്റ് ആന്റണീസ് പള്ളി, ഇന്‍ഡോര്‍ രൂപതയിലെ പുഷ്പനഗര്‍ പള്ളി, നാഗ്പുരിലെ മന്‍കാപുര്‍ സെന്റ് പയസ് പള്ളി എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
1987 മുതല്‍ 1991 വരെ യംഗ് കാത്തലിക് സ്റ്റുഡന്റ് മൂവ്‌മെന്റ് (വൈസിഎം/വൈസിഎസ്) ഡയറക്ടര്‍, ഹൈദരാബാദ് രൂപതയിലെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കുമായുള്ള കമ്മീഷന്‍ ഡയറക്ടര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലെ ദളിത് െ്രെകസ്തവര്‍ക്കുവേണ്ടിയുള്ള കമ്മീഷന്റെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സ് ഓഫ് റിലീജീസ് ഇന്ത്യ(സിആര്‍ഐ) യുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
