News - 2024

റൊമാനിയ: യൂറോപ്പില്‍ ദൈവ വിശ്വാസത്തെ ഏറ്റവും മുറുകെ പിടിക്കുന്ന രാജ്യം

സ്വന്തം ലേഖകന്‍ 20-12-2018 - Thursday

ലണ്ടന്‍: യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ദൈവ വിശ്വാസത്തെ വെളിപ്പെടുത്തുന്ന വിവരങ്ങളുമായി വാഷിംഗ്‌ടണിലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ റൊമാനിയയാണ് ഏറ്റവും കൂടുതല്‍ മതാഭിമുഖ്യമുള്ള രാഷ്ട്രമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദൈവ വിശ്വാസത്തിന് ജനങ്ങള്‍ ജീവിതത്തില്‍ നല്‍കുന്ന സ്ഥാനം, വിശ്വാസപരമായ ചടങ്ങുകളിലെ നിരന്തരമായ പങ്കാളിത്തം, പ്രാര്‍ത്ഥനാ ജീവിതം, വിശ്വാസത്തിലുള്ള ഉറപ്പ് തുടങ്ങിയ നാല് കാര്യങ്ങള്‍ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

അന്‍പത്തിയഞ്ചു ശതമാനം റൊമാനിയക്കാരും ഉയര്‍ന്ന ദൈവാഭിമുഖ്യം ഉള്ളവരാണെന്നാണ് പ്യൂ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 64 ശതമാനം റൊമാനിയക്കാരും ഉറപ്പായും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. തങ്ങളുടെ ജീവിതത്തില്‍ മതത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ 50 ശതമാനമാണ്. 50 ശതമാനത്തോളം പേര്‍ മാസത്തില്‍ ഒരിക്കലെങ്കിലും വിശ്വാസപരമായ ദിവ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നു. നിത്യവും പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം 44 ശതമാനമാണ്. ചുരുക്കി പറഞ്ഞാല്‍ 79 ശതമാനം റൊമാനിയക്കാരും ദൈവവിശ്വാസികളാണ്. അര്‍മേനിയയും, ജോര്‍ജ്ജിയയും, ഗ്രീസും, മോള്‍ഡോവയുമാണ്‌ റൊമാനിയക്ക് പിന്നിലായി റിപ്പോര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ദൈവ വിശ്വാസമുള്ള രാഷ്ട്രങ്ങളുടെ ആദ്യ പത്തില്‍ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളായ പോളണ്ടും, പോര്‍ച്ചുഗലും ഇടം നേടിയിട്ടുണ്ട്. എന്നാല്‍ റൊമാനിയയുടെ പകുതി വിശ്വാസം മാത്രമേ ഇറ്റലിക്കുള്ളൂ. വെറും 27% മാത്രമാണ് ഇറ്റലിയില്‍ ദൈവത്തോട് ഉയര്‍ന്ന ആഭിമുഖ്യം പുലര്‍ത്തുന്നവര്‍. ജര്‍മ്മനിയിലും, ഫ്രാന്‍സിലുമാകട്ടെ വെറും 12 ശതമാനവും. യുകെയിലെ ജനങ്ങളില്‍ വെറും 11 ശതമാനം മാത്രമാണ് ദൈവ വിശ്വാസവുമായി അടുത്ത ബന്ധമുള്ളവര്‍. ഇതിനും താഴെയാണ് ബെല്‍ജിയത്തിലെയും സ്വീഡനിലെയും അവസ്ഥ.

വിശ്വാസപരമായ ദിവ്യകര്‍മ്മങ്ങളിലെ നിരന്തര പങ്കാളിത്തത്തിന്റെ കാര്യത്തില്‍ പോളണ്ടാണ് മുന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ 61% ജനങ്ങളും മാസത്തിലൊരിക്കലെങ്കിലും കൂദാശ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.


Related Articles »