India - 2024

റവ. ഡോ. സാമുവല്‍ രായന്‍ എസ്‌ജെയുടെ മൃതസംസ്ക്കാരം നാളെ

സ്വന്തം ലേഖകന്‍ 03-01-2019 - Thursday

കോഴിക്കോട്: ഇന്നലെ അന്തരിച്ച പ്രശസ്ത ദൈവശാസ്ത്രജ്ഞന്‍ റവ. ഡോ. സാമുവല്‍ രായന്‍ എസ്‌ജെയുടെ മൃതസംസ്ക്കാരം നാളെ 10.30 ന് മലാപ്പറന്പ് ക്രൈസ്റ്റ് ഹാള്‍ സെമിത്തേരിയില്‍ നടക്കും. കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിനു പുതുപ്രഭ പകർന്ന ദാർശനികനും വിമോചന ദൈവശാസ്ത്രത്തിനു ഭാരതീയ ഭാഷ്യം നൽകാൻ നേതൃത്വം നൽകിയ പണ്ഡിതനുമായ അദ്ദേഹം ഒരു വർഷമായി കോഴിക്കോട്ട് ചികിത്സയിലായിരുന്നു. യൂറോപ്യൻ സംസ്കാരത്തിന്റെ സ്വാധീനത്തിൽക്കിടന്ന ക്രിസ്ത്യൻ ദൈവശാസ്ത്രത്തെ ഇന്ത്യ ഉൾപ്പെടുന്ന മൂന്നാം ലോകരാജ്യങ്ങളുടെ കാഴ്ചപ്പാടിലേക്കു മാറ്റിയെഴുത്താൻ മുൻകയ്യെടുത്തവരിൽ പ്രധാനിയാണ്.

1920 ജൂലൈ 23ന് കൊല്ലം ജില്ലയിലെ കുമ്പളത്ത് ക്രൂസ് രായന്റെയും ആഗ്‌നസിന്റെയും നാലാമത്തെ മകനായി ജനിച്ചു. 1939 നവംബര്‍ 30 ന് ഈശോസഭയില്‍ ചേര്‍ന്നു. 1955ൽ വൈദികപട്ടം സ്വീകരിച്ചു. തത്വശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം കേരള സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കിൽ ബിഎ മലയാളം പാസായി. റോമിൽനിന്നു തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 1960 മുതൽ 71 വരെ കേരളത്തിലെ ഐക്കഫ് (ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷൻ) പ്രസ്ഥാനത്തിന്റെ ചാപ്ലിനായി. സംസ്ഥാനത്തെ ക്യാംപസുകളിൽ ഐക്കഫ് കെട്ടിപ്പടുക്കാൻ നിർണായക പങ്കുവഹിച്ചു.

എക്യുമെനിക്കൽ അസോസിയേഷൻ ഓഫ് തേഡ് വേൾഡ് തിയോളജിയൻസിന്റെ സ്ഥാപകാംഗമാണ്. ഡൽഹി വിദ്യാജ്യോതി കോളജ് ഓഫ് തിയോളജി അധ്യാപകനായും പ്രിൻസിപ്പലായും സേവനം ചെയ്തു. ‌ബൗദ്ധികതലത്തിൽ മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന ദൈവശാസ്ത്രത്തെ സാധാരണക്കാരായ വിശ്വാസികളുടെ കാഴ്ചപ്പാടിലേക്കു പുനരാഖ്യാനം ചെയ്യുന്നതിനു കഠിനപരിശ്രമമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. കം ഹോളി സ്പിരിറ്റ്, ഹോളി സ്പിരിറ്റ് റിന്യൂ ദ ഫേസ് ഓഫ് ദ എര്‍ത്ത്, ദി ആംഗര്‍ ഓഫ് ഗോഡ്, ഇന്‍ െ്രെകസ്റ്റ് ദി പവര്‍ ഓഫ് വിമന്‍ തുടങ്ങീ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. 2010 മുതല്‍ കാലടിയിലുള്ള ഈശോസഭയുടെ ആശ്രമമായ സമീക്ഷയില്‍ വിശ്രമജീവിതത്തിലായിരുന്നു.


Related Articles »