India

പത്താമുട്ടത്ത് ആക്രമിക്കപ്പെട്ടവരെ കെസിവൈഎം സംസ്ഥാന നേതാക്കൾ സന്ദർശിച്ചു

സ്വന്തം ലേഖകന്‍ 05-01-2019 - Saturday

കോട്ടയം: കോട്ടയം പത്താമുട്ടത്ത് കരോൾ സംഘത്തെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ ആക്രമിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി കെ.സി.വൈ.എം. സംസ്ഥാന സമിതി. പത്താമുട്ടം സെന്റ്. പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ അഭയം തേടിയ കുടുംബങ്ങളെ സന്ദർശിക്കുകയായിരുന്നു സംസ്ഥാന നേതാക്കൾ. ഇരയാക്കപ്പെട്ട വ്യക്തികൾക്ക് സ്വഭവനത്തിൽ സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൗകര്യം അധികൃതർ അടിയന്തിരമായി ചെയ്തു കൊടുക്കണമെന്ന് കെ.സി.വൈ.എം. ആവശ്യപ്പെട്ടു. കുട്ടികൾ അടക്കമുള്ളവർക്ക് ഏൽക്കേണ്ടി വന്നത് ക്രൂരമായ പീഡനമാണ്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുന്ന കരാേൾ സംഘത്തിനു നേരെ ഉണ്ടായിട്ടുള്ള ആക്രമണം ലജ്ജിപ്പിക്കുന്നതാണെന്നും പ്രസ്താവിച്ചു.

കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിളിന്റെ നേതൃത്വത്തിൽ എത്തിയ നേതാക്കൾ ചിങ്ങവനം പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കേസിന്റെ വിശദാംശങ്ങൾ അന്വേഷിച്ചറിയുകയും ത്വരിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, സംസ്ഥാന സെക്രട്ടറി ലിജിൻ ശ്രാമ്പിക്കൽ, സംസ്ഥാന സിൻഡിക്കേറ്റംഗങ്ങളായ ക്രിസ്റ്റി ചക്കാലക്കൽ, വർഗ്ഗീസ് മൈക്കിൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Related Articles »