India - 2021

ഇത്തവണ ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്രയില്ല: പകരം നാനാജാതി മതസ്ഥര്‍ക്ക് കാരുണ്യഹസ്തം

പ്രവാചക ശബ്ദം 25-11-2020 - Wednesday

തൃശൂര്‍: ക്രിസ്തുമസിനോടനുബന്ധിച്ച് ഇത്തവണത്തെ ബോണ്‍ നത്താലെ ആഘോഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കാരുണ്യത്തിന്‍റെ ഉല്‍സവമായി സംഘടിപ്പിക്കുമെന്ന് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഇടവക തലത്തിലും അതിരൂപത തലത്തിലും വിവിധ പരിപാടികള്‍ ഇതിനോടനുബന്ധിച്ച് വിഭാവന ചെയ്തിട്ടുണ്ട്. നഗരത്തില്‍ നടത്താറുള്ള കരോള്‍ ഘോഷയാത്ര ഇക്കുറിയുണ്ടാകില്ല. പകരം തൃശൂർ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സ്വാന്തനം മുഖേനയും അഭയം പാലിയേറ്റിവ് മുഖേനയും അതിരൂപതയുടെ ഉള്ളിലുള്ള നാനാ ജാതിമതസ്ഥർക്ക് വേണ്ട ഉപവി പ്രവർത്തനങ്ങൾക്ക് ഈ വർഷം പ്രത്യേകം പ്രാമുഖ്യ നൽകും.

ഇടവകതലത്തില്‍ കോവിഡുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കോ കോവിഡ് ബാധിച്ച് വിഷമിക്കുന്നവര്‍ക്കോ സാമ്പത്തിക സഹായം നല്‍കും. ഓരോ ഇടവകയിലും തിരഞ്ഞെടുക്കപ്പെട്ട രണ്ടു പാവപെട്ട കുടുംബങ്ങൾക്കാണ് സഹായം നല്‍കുക. ഭവന രഹിതര്‍ക്ക് വീടും വച്ചു നല്‍കും. ഇടവകകളില്‍ കിടപ്പുരോഗികളെ വീട്ടില്‍ സന്ദര്‍ശിച്ച് ക്രിസ്തുമസ് കേക്ക് മുറിക്കും. ജൂബിലി മിഷന്‍ ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ / പരിശോധനാ ക്യാമ്പുകള്‍ നടത്തും. കോവിഡിനോട് പൊരുതുന്ന റവന്യു, മെഡിക്കല്‍, പൊലീസ് അധികാരികളെ അതിരൂപതയിലും ഇടവകതലത്തിലും ആദരിക്കും. കോവിഡ് ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ബോണ്‍ നത്താലെയോടനുബന്ധിച്ച് ഇടവക/ഫൊറോന തലത്തില്‍ കരോള്‍ ഗാന, ഫ്ളാഷ് മോബ്, പുല്‍ക്കൂട്, ഫാമിലി കരോൾ ഫോട്ടോഗ്രാഫി എന്നീ മല്‍സരങ്ങള്‍ നടത്തും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനവും ഒന്നാം സ്ഥാനക്കാര്‍ക്ക് 27 ന് ബിഷപ് ഹൗസില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കും.

തൃശൂര്‍ നഗരത്തില്‍ പ്രമുഖ സെന്‍ററുകളില്‍ കച്ചവടക്കാരെ സ്പോണ്‍സര്‍മാരായി കണ്ടെത്തി പുല്‍ക്കൂടുകള്‍/ഫ്ളോട്ടുകൾ നിര്‍മിക്കും. ഡിസംബര്‍ 10 മുതല്‍ ഇവ പ്രദര്‍ശനത്തിനു സജ്ജീവമാകും. ഡിസംബര്‍ ഒന്നു മുതല്‍ മീഡിയ കത്തോലിക്കാ യുട്യൂബ് ചാനലില്‍ ബോണ്‍ നത്താലെയുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടികള്‍ സംപ്രേക്ഷണം ചെയ്യും. പഴയ വീഡിയോകള്‍, പ്രമുഖരുടെ ബോണ്‍നത്താലെ അനുസ്മരണം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തും. 27നു നടക്കുന്ന പൊതുപരിപാടിയില്‍ കലാ- സാംസ്കാരിക- രാഷ്ട്രീയ സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ സന്നിഹിതരാകും. ഇതിന്‍റെ റെക്കോര്‍ഡ് പ്രോഗ്രാം പ്രമുഖ ടിവി ചാനലുകളില്‍ രാത്രി എട്ടുമണി മുതല്‍ സംപ്രേക്ഷണമുണ്ടാകും. എല്ലാവര്‍ഷവും നടത്താറുള്ള ബോണ്‍ നത്താലെ ക്രിസ്മസ് കരോള്‍ ഘോഷയാത്രയുടെ അനുസ്മരണം വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതിന് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ രക്ഷാധികാരിയായും,ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, മാർ അപ്രേം മെത്രാപ്പോലിത്ത, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മന്ത്രിമാരായ എ സി മൊയ്‌തീൻ, രവീന്ദ്രൻ മാസ്റ്റർ, വി എസ് സുനിൽകുമാർ , ടി എൻ പ്രതാപൻ എം.പി എന്നിവര്‍ രക്ഷാധികാരികളുമായും മോണ്‍ തോമസ് കാക്കശേരി - ചെയര്‍മാന്‍, ജോജു മഞ്ഞില - ജനറല്‍ കണ്‍വീനര്‍, ഫാ. ജോയ് മൂക്കൻ - വര്‍ക്കിംഗ് ചെയര്‍മാന്‍, ഡോ. മേരി റജീന, എ എ ആന്റണി - വൈസ് ചെയര്മാന്മാർ, ഫാ. ജോയ് കൂത്തൂർ, ജോര്‍ജ് ചിറമല്‍, ലിയോ ലൂയീസ്, റാഫി വടക്കന്‍, ഡോ. ഡെയ്സൺ പാണേങ്ങാടൻ, ജോഷി വടക്കൻ, ഷിന്റോ മാത്യു, ഇഗ്‌നേഷ്യസ് സി എൽ, അനൂപ് പുന്നപ്പുഴ, ജോമി ജോണ്‍സണ്‍, സാജന്‍ ജോസ് - എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഭാരവാഹികളാണ്.


Related Articles »