India - 2024

ഭാരത കത്തോലിക്കാസഭയില്‍ അല്‍മായ പങ്കാളിത്തം കൂടുതല്‍ സജീവമാക്കും: ലെയ്റ്റി കൗണ്‍സില്‍

സ്വന്തം ലേഖകന്‍ 09-01-2019 - Wednesday

കൊച്ചി: ഭാരത കത്തോലിക്കാസഭ സംവിധാനങ്ങളുടെ വിവിധ തലങ്ങൡ അല്മായ പങ്കാളിത്തം സജീവമാക്കുവാനും ദേശീയ മുഖ്യധാരയില്‍ അല്മായ സമൂഹത്തെ കൂടുതല്‍ കര്‍മ്മനിരതരാക്കുവാനുമുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ജനുവരി 7 മുതല്‍ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ആരംഭിച്ചിരിക്കുന്ന ദേശീയ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ 31-ാമത് സമ്പൂര്‍ണ്ണ സമ്മേളനത്തിലും കൊച്ചി കാക്കനാട് ചേര്‍ന്നുകൊണ്ടിരിക്കുന്ന സീറോ മലബാര്‍ സഭാസിനഡിലും സീറോ മലങ്കരസഭയുടെ വരുംമാസങ്ങളില്‍ ചേരുന്ന വിവിധ കമ്മീഷനുകളുടെ സമ്മേളനത്തിലും അല്മായ ശക്തീകരണവും പങ്കാളിത്തവും സജീവമായി ചര്‍ച്ചചെയ്യപ്പെടും.

രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയുടെ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള അല്മായ ശക്തീകരണ പദ്ധതികളാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ദേശീയതലത്തില്‍ നടപ്പിലാക്കുന്നത്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും വിദഗ്ദ്ധരുമായ സഭാകാഴ്ചപ്പാടുകളുള്ള അല്മായരെ ഉള്‍പ്പെടുത്തി ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ ടീമിന് ദേശീയതലത്തിലും വ്യക്തിസഭകളിലും രൂപതാ തലത്തിലും രൂപം നല്‍കും. കാര്‍ഷികം, നിയമം, ആരോഗ്യം, മാധ്യമം, വിദ്യാഭ്യാസം, സംരംഭം, സാമ്പത്തികം, ചരിത്രം, ഗവേഷണം, ടെക്‌നോളജി തുടങ്ങി വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന സഭാംഗങ്ങളെ ഏകോപിപ്പിച്ച് വിവിധ അല്മായ ഫോറങ്ങളും ദേശീയതലത്തില്‍ ആരംഭിക്കും.

രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ മേഖലകളില്‍ കത്തോലിക്കാ അല്മായ പങ്കാളിത്തം കൂടൂതല്‍ സജീവമാക്കും. കത്തോലിക്കരായ ജനപ്രതിനിധികളുടെ സമ്മേളനം ഡല്‍ഹിയില്‍ ചേരും. ഓരോ രൂപതയില്‍ നിന്നും 10 പ്രതിനിധികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 174 രൂപതകളില്‍ നിന്നുള്ള അല്മായ പ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നാഷണല്‍ കാത്തലിക് ലെയ്റ്റി നെറ്റ്‌വര്‍ക്കിന് തുടക്കം കുറിക്കും. കത്തോലിക്കാസഭയിലെ വിവിധ അല്മായ സംഘടനാ നേതാക്കള്‍ക്ക് സഭാത്മകവും ഭൗതികവുമായ വിഷയങ്ങളില്‍ നേതൃത്വക്യാമ്പും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നതോടൊപ്പം ഇതര ക്രൈസ്തവ സഭകളിലെ അല്മായ സംഘടനകളുടെ ദേശീയതല ഏകോപനവും കൗണ്‍സില്‍ ലക്ഷ്യമിടുന്നു.

ഭാരതത്തിന്റെ സമഗ്രവളര്‍ച്ചയ്ക്കും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും ക്രൈസ്തവസമൂഹത്തിന്റെ സംഭാവനകളെയും പങ്കാളിത്തത്തെയും കുറിച്ച് സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയനുകളിലും വ്യക്തിസഭകളിലും സെമിനാറുകള്‍, ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ സഭയുടെ നിലപാടുകളെക്കുറിച്ച് വിലയിരുത്തലുകളും അല്മായ പങ്കുവയ്ക്കലുകളും ലെയ്റ്റി കൗണ്‍സില്‍ സംഘടിപ്പിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അംഗങ്ങളുടെയും ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെയും ഇന്ത്യയിലെ 14 റീജിയനുകളിലെയും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിമാരുടെയും സമ്മേളനം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ചേരുമെന്ന് വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.


Related Articles »