India - 2024

ആകാശപ്പറവകളുടെ ആശ്രമത്തിനു കൂപ്പുകരങ്ങളോടെ നന്ദി അറിയിച്ച് മുരുകാനന്ദന്‍ മടങ്ങി

സ്വന്തം ലേഖകന്‍ 12-01-2019 - Saturday

കോട്ടയം: ചെങ്കലിലെ ആകാശപ്പറവകളുടെ നസ്രേത്ത് ആശ്രമത്തിനു നന്ദി അറിയിച്ച് ഓര്‍മയും സമനിലയും തിരികെ കിട്ടിയ മുരുകാനന്ദന്‍ മധുരയിലേക്ക് മടങ്ങി. മൂന്നു മാസം മുന്‍പ് കോട്ടയം കുമളി ദേശീയ പാതയില്‍ വാഴൂരിലൂടെ അലയുന്ന നിലയിലാണ് ആശ്രമത്തിലെ ശുശ്രൂഷകര്‍ മുരുകനന്ദനെ ആശ്രമത്തിലെത്തിച്ചത്. മനോനില തെറ്റിയ ഇദ്ദേഹത്തെ ചിറക്കടവ് മാര്‍ അപ്രേം മെഡിക്കല്‍ സെന്ററിലെ സിസ്റ്റര്‍ ഡോ. കാര്‍മലി സിഎംസി ചികിത്സയും ആശ്രമാധികാരികള്‍ പരിചരണവും നല്‍കിയതോടെ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരിന്നു.

സുബോധം വീണ്ടെടുത്തതോടെ മധുര കരുമേട് സ്വദേശിയാണെന്ന് മുരുകാനന്ദന്‍ പറഞ്ഞു. ഇതോടെ നസ്രേത്ത് ആശ്രമം ഡയറക്ടര്‍ തങ്കച്ചന്‍ പുളിക്കല്‍ മധുര പോലീസുമായി ബന്ധപ്പെട്ടു. നവംബര്‍ ആദ്യവാരം മുരുകാനന്ദനെ കാണാനില്ലെന്നു ഭാര്യ ദേവി കരുമേട് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നസ്രേത്ത് ആശ്രമത്തില്‍നിന്നു ഫോട്ടോയും വിവരങ്ങളും നല്‍കിയതോടെ കരുമേട് പോലീസ് മുരുകനന്ദന്റെ വീട് കണ്ടെത്തി ബന്ധുക്കളെ വിവരം അറിയിക്കുകയായിരിന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മകന്‍ മുത്തുരാജും ബന്ധുവും നസ്രേത്ത് ആശ്രമത്തിലെത്തി പോലീസിന്റെ അനുമതിയോടെയാണ് മുരുകനന്ദനെ വീട്ടിലേക്കു കൊണ്ടുപോയത്.

ഭാരതത്തില്‍ ഉടനീളമുള്ള തെരുവോര മക്കളുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്ന ആകാശപ്പറവകളുടെ കൂട്ടുകാര്‍ (FBA) എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിനു ഫാ. ജോര്‍ജ്ജ് കുറ്റിക്കല്‍ എം‌സി‌ബി‌എസ് 1994-ലാണ് രൂപം നല്‍കിയത്. പ്രമുഖ പക്ഷി നിരീക്ഷകന്‍ സലിം അലിയുടെ പക്ഷി വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചതാണ് 'ആകാശപ്പറവകളുടെ കൂട്ടുകാര്‍' എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. 'ഏതു ജീവികളേക്കാളും ഏറെ വിലയുള്ള മനുഷ്യനെക്കുറിച്ച് പഠനങ്ങളും നിരീക്ഷണങ്ങളും എന്തുകൊണ്ട് നടക്കുന്നില്ല' എന്ന ചോദ്യത്തില്‍ നിന്നാണ് ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന സ്ഥാപനം ആരംഭിക്കാന്‍ ഫാ. ജോര്‍ജ്ജ് തീരുമാനിച്ചത്.

തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമിനടുത്ത് പുത്തൂര്‍ പഞ്ചായത്തിലെ ചെന്നായപ്പാറയില്‍ ഇവര്‍ക്ക് ഭവനം ഒരുക്കാന്‍ എംസിബിഎസ് സഭാ സമൂഹം സ്ഥലം വാങ്ങിച്ചു. 1994 ജനുവരി 18 ന് പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇത് വലിയ ഒരു ദൌത്യത്തിന്റെ ആരംഭം മാത്രമായിരിന്നു. ചെന്നായപ്പാറയില്‍ നിന്ന്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഒരു ജീവകാരുണ്യ പ്രസ്ഥാനമായി 'ആകാശപ്പറവകളുടെ കൂട്ടുകാര്‍' മാറുകയായിരിന്നു. ഇന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കഴിയുന്ന ആയിരങ്ങള്‍ക്ക് അഭയമാണ് ഈ സന്നദ്ധ കേന്ദ്രം.


Related Articles »