Youth Zone
പാക്കിസ്ഥാനില്‍ ആദ്യമായി വിശുദ്ധാരാമത്തിലേക്ക് ഇരുപതുകാരന്‍: ആകാശ് ബഷീർ ദൈവദാസ പദവിയില്‍
പ്രവാചകശബ്ദം 02-02-2022 - Wednesday
ലാഹോര്‍: 2015ൽ പാക്കിസ്ഥാനിലെ കറാച്ചിയിലുളള സെന്റ് ജോൺസ് കത്തോലിക്കാ ദേവാലയത്തിൽ ചാവേർ ആക്രമണം നടത്താൻ വന്ന തീവ്രവാദിയെ സ്വജീവൻ പണയം വെച്ച് തടഞ്ഞുനിർത്തിയ ഇരുപത് വയസ്സുകാരൻ ആകാശ് ബഷീർ ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ജനുവരി 31 വിശുദ്ധ ഡോൺബോസ്കോയുടെ തിരുനാൾ ദിവസം കുർബാന അർപ്പിക്കുന്ന വേളയിൽ ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ ആണ് വത്തിക്കാന്റെ പ്രഖ്യാപനം അറിയിച്ചത്. ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെടുന്ന പാക്കിസ്ഥാനിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ആകാശ് ബഷീറെന്ന് ലാഹോർ അതിരൂപതയിലെ വികാരി ജനറാൾ ഫാ. ഫ്രാൻസിസ് ഗുൽസാർ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
2008-ലാണ് ആകാഷിന്റെ കുടുബം യൗഹാനാബാദില്‍ താമസമാക്കുന്നത്. 2013-ല്‍ പെഷവാറിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിനു ശേഷം തങ്ങളുടെ ദേവാലയത്തെ സംരക്ഷിക്കുന്നതിനുള്ള ആഗ്രഹം ആകാഷ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. 2014-ലാണ് ദേവാലയത്തിന്റെ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സേവകര്‍ക്കൊപ്പം ആകാഷും ചേരുന്നത്. പിറ്റേവര്‍ഷം യൗഹാനാബാദിലെ രണ്ടു ദേവാലയങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും, എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചാവേറുകള്‍ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നിരുന്ന ആകാഷ് അവരെ തടയുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്. “ഞാന്‍ മരിക്കും, പക്ഷേ ഞാന്‍ നിങ്ങളെ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ സമ്മതിക്കുകയില്ല” എന്നതായിരുന്നു ആകാഷിന്റെ അവസാന വാക്കുകള്‍. ആകാഷിന്റെ മരണശേഷം അവന്റെ സഹോദരനായ അര്‍സലാന്‍ ദേവാലയത്തിന്റെ സുരക്ഷാ വളണ്ടിയറായി സേവനം ആരംഭിച്ചിരിന്നു.
ആകാശിനെ ദൈവദാസ പദവിയിലേക്ക് ഉയർത്താൻ വത്തിക്കാൻ അനുമതി നൽകിയത് തങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് ആകാശിന്റെ പിതാവ് ബഷീർ ഇമ്മാനുവേൽ പറഞ്ഞു. പാകിസ്ഥാനിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തിയാണ് മകൻ പ്രതിനിധാനം ചെയ്യുന്നതെന്നും ബഷീർ ഇമ്മാനുവേൽ കൂട്ടിച്ചേർത്തു. പ്രഖ്യാപനത്തിനു പിന്നാലെ ലാഹോർ മുൻ ആർച്ച് ബിഷപ്പ് ലോറൻസ് സൽദാൻഹ ക്രൈസ്തവ സമൂഹത്തെ അഭിനന്ദിച്ചു. ആധുനിക രക്തസാക്ഷിയായ ആകാശ് യുവജനങ്ങൾക്ക് പ്രോത്സാഹനം ആകട്ടെ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആശംസയായി പറഞ്ഞു.
ആകാശ് രക്തസാക്ഷിയായതിന്റെ ഒന്നാം വാർഷികത്തിലാണ് ലാഹോർ അതിരൂപത നാമകരണ നടപടികൾ ആരംഭിക്കുന്നത്. വിശുദ്ധ പദവി പ്രഖ്യാപനത്തിലേക്കുള്ള ആദ്യത്തെ പടിയാണ് ദൈവദാസ പദവി പ്രഖ്യാപനം. ശേഷം ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ട ആളുടെ ജീവിതത്തെ പറ്റി പഠനം ആരംഭിക്കും. ഇതിന് പിന്നാലെയാണ് ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടണമെങ്കിൽ വ്യക്തിയുടെ മധ്യസ്ഥതയിൽ എന്തെങ്കിലും അത്ഭുതം സംഭവിച്ചുവെന്ന് സഭ അംഗീകരിക്കുകയും വേണം. വിശുദ്ധാരാമത്തിലേക്കുള്ള ആകാശ് ബഷീറിന്റെ യാത്ര വേഗമാകാന്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ് പാക്ക് ക്രൈസ്തവര്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക