News - 2024

മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുക്കുവാന്‍ ലക്ഷങ്ങള്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 14-01-2019 - Monday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ ട്രഷറി സ്തംഭന ഭീഷണികൾക്കു നടുവില്‍ ലക്ഷക്കണക്കിനു ആളുകൾ വാഷിംഗ്ടണിൽ ഡിസിയിൽ ഈ മാസം പതിനെട്ടാം തീയതി നടക്കാനിരിക്കുന്ന പ്രസിദ്ധമായ മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കും. ഭരണസ്തംഭനം തുടർന്നാലും തങ്ങൾ നിശ്ചയിച്ചതുപോലെ റാലി സംഘടിപ്പിക്കുമെന്ന് മാർച്ച് ഫോർ ലൈഫിന്റെ വെബ്സൈറ്റിൽ പറയുന്നു. ഗര്‍ഭഛിദ്രത്തിലൂടെ മനുഷ്യാവകാശം ഹനിക്കപ്പെടാതിരിക്കാൻ, 45 വർഷമായി തങ്ങൾ മാർച്ച് ഫോർ ലൈഫ് റാലി സംഘടിപ്പിക്കാറുണ്ടെന്നും, അത് ഈ വർഷവും തുടരുമെന്നും മാര്‍ച്ച് ഫോര്‍ വെബ്സൈറ്റിൽ പറയുന്നു.

വാഷിംഗ്ടണിലെ കടുത്ത മഞ്ഞുവീഴ്ചയും റാലിയെ ബാധിക്കില്ല എന്നാണ് സംഘാടകർ കരുതുന്നത്. 2016 ലെ മാർച്ച് ഫോർ ലൈഫ് റാലിയുടെ സമയത്ത് കടുത്ത മഞ്ഞുവീഴ്ച ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ ആ വർഷവും ആയിരങ്ങളാണ് 1973-ൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയുടെ കറുത്ത ഓർമ്മ ആചരിക്കാനും, ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുക്കാനുമായി എത്തിയത്.

റിപ്പബ്ലിക്കൻ പാർട്ടിയിലെയും, ഡെമോക്രാറ്റിക് പാർട്ടിയിലെയും നേതാക്കന്മാർ ഈ വർഷത്തെ മാർച്ച് ഫോർ ലൈഫ് റാലിയിൽ പ്രസംഗിക്കും. അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റിയുടെ അധ്യക്ഷനായ ആർച്ച് ബിഷപ്പ് ജോസഫ് ന്യൂമാൻ, നൈറ്റ്സ് ഓഫ് കൊളംബസ് കത്തോലിക്കാ സന്നദ്ധ സംഘടനയുടെ തലവൻ കാൾ ആൻഡേഴ്സൺ, ഡെയിലി വെയർ എന്ന മാധ്യമത്തിന്റെ ചീഫ് എഡിറ്റര്‍ ബെൻ ഷാപ്പിരോ, പ്രമുഖ പ്രോലൈഫ് പ്രവർത്തക അബി ജോൺസൺ തുടങ്ങിയവർ മാർച്ച് ഫോർ ലൈഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.


Related Articles »