News

കടുത്ത മഞ്ഞിനെ അവഗണിച്ച് വാഷിംഗ്ടണില്‍ പതിനായിരങ്ങളുടെ പങ്കാളിത്തവുമായി മാർച്ച് ഫോർ ലൈഫ് റാലി

പ്രവാചകശബ്ദം 20-01-2024 - Saturday

വാഷിംഗ്ടൺ ഡിസി: കടുത്ത മഞ്ഞിനെ അവഗണിച്ച് വാഷിംഗ്ടൺ ഡിസിയിൽ നടന്ന 'മാർച്ച് ഫോർ ലൈഫ്' റാലിയിൽ പ്രോലൈഫ് മുദ്രാവാക്യങ്ങൾ മുഴക്കി ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം. കാപ്പിറ്റോൾ കെട്ടിടത്തിൽ നിന്നും സുപ്രീംകോടതി വരെ നീണ്ടുനിന്ന റാലി ഇന്നലെ വെള്ളിയാഴ്ചയാണ് നടന്നത്. അമേരിക്കയുടെ ജനപ്രതിനിധി സഭാ സ്പീക്കർ മൈക്ക് ജോൺസൺ ഉൾപ്പെടെയുള്ള പ്രമുഖർ റാലി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് പങ്കെടുക്കാൻ എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

'ജീവന്‍ അമൂല്യമാണ്', 'അയാം ദി പ്രോലൈഫ് ജനറേഷൻ' തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ആളുകൾ കരങ്ങളില്‍ വഹിച്ചിട്ടുണ്ടായിരുന്നു. റാലിയിൽ അന്‍പതിനായിരത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ കണക്കുകൂട്ടിയിരുന്നത്. മികച്ച ആരോഗ്യ പരിചരണം, സ്ത്രീകൾക്കും ഗർഭസ്ഥ ശിശുക്കൾക്കും ലഭ്യമാക്കേണ്ട സുപ്രധാന സമയമാണ് ഇതെന്ന് സ്പീക്കർ ജോൺസൺ പ്രസംഗിച്ചു. പ്രസവാവസ്ഥയിൽ ആയിരിക്കുന്ന അമ്മമാരെയും, കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹമുള്ളവരെയും, പ്രോലൈഫ് ക്ലിനിക്കുകളെയും അടക്കം സഹായിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അദ്ദേഹം വിശദീകരിച്ചു.

അമേരിക്കയിൽ സുപ്രീംകോടതി ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിയോടുകൂടിയാണ് 1973ല്‍ മുപ്പതോളം വരുന്ന പ്രോലൈഫ് നേതാക്കൾ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതിനെ പറ്റി ചിന്തിച്ചത്. രണ്ടു വർഷങ്ങൾക്കു മുന്‍പ് കേസിലെ വിധിക്ക് സാധുതയില്ലായെന്ന് വ്യക്തമാക്കി കോടതി മറ്റൊരു വിധി പുറപ്പെടുവിച്ചിരുന്നു. കോടതിവിധി വന്നതിനുശേഷം നടക്കുന്ന രണ്ടാമത്തെ 'മാർച്ച് ഫോർ ലൈഫ്' ആയിരുന്നു ഇത്തവണ നടന്നത്. സംസ്ഥാനങ്ങൾക്ക് ഭ്രൂണഹത്യ വിഷയത്തിൽ തീരുമാനമെടുക്കാം എന്നുള്ള സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് പതിനാലോളം സംസ്ഥാനങ്ങളാണ് ഭ്രൂണഹത്യ നിയന്ത്രണിക്കുക എന്നുള്ള ലക്ഷ്യം വച്ച് നിയമനിർമാണങ്ങൾ പാസാക്കിയത്. ഭ്രൂണഹത്യയെ പറ്റി ചിന്തിക്കാൻ പറ്റാത്ത നാൾ വരെ ഇതിനെതിരെ പ്രതിരോധം തീർക്കണം എന്ന സന്ദേശമായിരിന്നു മാർച്ച് ഫോർ ലൈഫ് റാലിയിൽ പ്രധാനമായും മുഴക്കിയത്.


Related Articles »