News

ജീവന്റെ ശബ്ദമുയര്‍ത്തി മാര്‍ച്ച് ഫോര്‍ ലൈഫ്: ഗര്‍ഭഛിദ്രത്തിനെതിരെ വീറ്റോ ഉപയോഗിക്കുമെന്ന് ട്രംപ്

സ്വന്തം ലേഖകന്‍ 19-01-2019 - Saturday

വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയ്ക്കെതിരെ ലോകത്തിന് മുന്നില്‍ സാക്ഷ്യം നല്‍കി അമേരിക്കന്‍ ജനതയുടെ മാര്‍ച്ച് ഫോര്‍ ലൈഫ്. ഇന്നലെ വാഷിംഗ്‌ടണ്‍ ഡിസിയില്‍ വെച്ച് നടന്ന അമേരിക്കയിലെ ഏറ്റവും വലിയ വാര്‍ഷിക പ്രോലൈഫ് പ്രകടനമായ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ പതിനായിരങ്ങളുടെ പങ്കാളിത്തമാണുണ്ടായത്. മനുഷ്യ ജീവന്റെ സംരക്ഷണത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന നിയമ നിര്‍മ്മാണത്തിനെതിരെ തന്റെ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. പ്രോലൈഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.

H.R. 21, H.J. Res. 1 തുടങ്ങിയ ബില്ലുകള്‍ പ്രസിഡന്റിന്റെ പരിഗണനയില്‍ വരികയാണെങ്കില്‍ അദ്ദേഹം വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് വൈറ്റ്‌ ഹൌസും വ്യക്തമാക്കിയിട്ടുണ്ട്. “അബോര്‍ഷനെ അനുകൂലിക്കുന്ന ഏതെങ്കിലും നിയമനിര്‍ദ്ദേശങ്ങള്‍ തന്റെ ഡെസ്കിലേക്ക് അയക്കുകയാണെങ്കില്‍ എന്റെ വീറ്റോ അധികാരം പ്രയോഗിക്കും”. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു കത്ത് കോണ്‍ഗ്രസിന് അയച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൗസിന്റെ നിയന്ത്രണം ഇപ്പോള്‍ ഡെമോക്രാറ്റുകളുടെ കയ്യിലാണെന്നും, പ്ലാന്‍ഡ് പാരന്റ്ഹുഡ് ഇന്റര്‍നാഷ്ണലിന്റെ ഗര്‍ഭഛിദ്ര പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിനുള്ള ഒരു ബില്‍ ഇതിനോടകം തന്നെ അവര്‍ പാസ്സാക്കിയെന്നും ട്രംപ് സന്ദേശത്തില്‍ പറയുന്നുണ്ട്.

"ഓരോ കുട്ടിയും ദൈവത്തിന്റെ ഓരോ വിശുദ്ധ സമ്മാനങ്ങളാണ്". ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകളുടെ സംരക്ഷണത്തിന് നമുക്കൊരുമിച്ച് നീങ്ങാമെന്നും, അതുമൂലം ജീവിക്കുവാനും, സ്നേഹിക്കപ്പെടാനുമുള്ള അവസരം ആ നിഷ്കളങ്ക ജീവനുകള്‍ക്ക് ലഭിക്കുമെന്നും തന്റെ വീഡിയോ സന്ദേശത്തിലൂടെ ട്രംപ് ആഹ്വാനം ചെയ്തു. മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദിപറയുവാനും അദ്ദേഹം മറന്നില്ല. റാലിയില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ഇത്തവണയും നേരിട്ടെത്തി. “യുണീക്ക് ഫ്രം ഡേ വണ്‍: പ്രോലൈഫ് ഈസ്‌ പ്രോ സയന്‍സ്” എന്നതായിരിന്നു ഈ വര്‍ഷത്തെ റാലിയുടെ മുഖ്യ പ്രമേയം.

അണ്ഡ-ബീജസങ്കലനം നടക്കുന്ന ഒന്നാം ദിവസം മുതല്‍ ഓരോരുത്തരും പ്രത്യേകതയുള്ളവരാണെന്നും പ്രോലൈഫ് ആശയങ്ങളുടെ പിന്നില്‍ ശാസ്ത്രമുണ്ടെന്നും, വൈദ്യശാസ്ത്രവും സാങ്കേതികവിദ്യകളും പ്രോലൈഫ് ആശയങ്ങളുടെ പിന്നിലെ ശാസ്ത്രത്തെ സ്ഥിരീകരിച്ചിട്ടുള്ളതാണെന്നുമാണ് മുഖ്യ പ്രമേയത്തിന്റെ പിന്നിലെ ആശയം. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവുമധികം പ്രോലൈഫ് കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുന്ന പ്രസിഡന്റ് എന്ന രീതിയിലാണ് ട്രംപിനെ പരിഗണിച്ചു വരുന്നത്. വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സും ഭ്രൂണഹത്യയ്ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തി ലോക ശ്രദ്ധയാകര്‍ഷിച്ച നേതാവാണ്.


Related Articles »