News

'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയുടെ തലേ ദിവസം ജാഗരണ പ്രാര്‍ത്ഥനയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 12-01-2024 - Friday

വാഷിംഗ്ടൺ ഡിസി: ജീവന്റെ മഹത്വത്തെ പ്രഘോഷിച്ചും ഭ്രൂണഹത്യയെന്ന മാരക തിന്മയെ അപലപിച്ചും ലോകത്ത് ഏറ്റവും അധികം പേര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയ്ക്കു ഒരുക്കങ്ങളുമായി അമേരിക്കന്‍ മെത്രാന്‍ സമിതിയും. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ (USCCB) പ്രോലൈഫ് ആക്ടിവിറ്റീസ് സെക്രട്ടേറിയറ്റ് ജനുവരി 18നും 19നും ഇടയിൽ നടക്കുന്ന ദേശീയ ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

മാർച്ച് ഫോർ ലൈഫിന്റെ തലേദിവസം വാഷിംഗ്ടൺ ഡിസിയിലെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ നാഷണൽ ഷ്രൈൻ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിലാണ് പ്രോലൈഫ് മാര്‍ച്ചിന് മുന്നൊരുക്കമായി ജാഗരണ പ്രാര്‍ത്ഥന നടക്കുക. വൈകുന്നേരം 5:00 മണിക്ക് (പ്രാദേശിക സമയം) വിശുദ്ധ കുർബാനയോടെ വാർഷിക പരിപാടി ആരംഭിക്കും. അർലിംഗ്ടൺ ബിഷപ്പും അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോ-ലൈഫ് ആക്ടിവിറ്റീസ് കമ്മിറ്റി പ്രസിഡന്റുമായ ബിഷപ്പ് മൈക്കൽ എഫ് വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനാകും.

വിശുദ്ധ കുർബാനയ്ക്ക് തൊട്ടുപിന്നാലെ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർത്ഥന, ആശീർവാദം എന്നിവ നടക്കും. ജനുവരി 19-ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കൊളംബസ് ബിഷപ്പ് ബിഷപ് ഏൾ ഫെർണാണ്ടസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമാപന കുർബാനയോടെയാണ് ജാഗരണ പ്രാര്‍ത്ഥന സമാപിക്കുക. പ്രാര്‍ത്ഥനായജ്ഞത്തില്‍ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 19നാണ് മാര്‍ച്ച് ഫോര്‍ ലൈഫ് റാലി നടക്കുക.

ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും റാലിയില്‍ നൂറുകണക്കിന് മലയാളികളും അണിനിരക്കുന്നുണ്ട്.


Related Articles »