News - 2024

പ്രോലൈഫ് റാലിയില്‍ പങ്കെടുക്കുവാന്‍ അറുപത്തിയേഴുകാരന്‍ നടന്നത് 2,800 മൈല്‍

സ്വന്തം ലേഖകന്‍ 20-01-2019 - Sunday

വാഷിംഗ്‌ടണ്‍ ഡി.സി: ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് പ്രകടനമായ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങള്‍ ബസ്സിലും, ട്രെയിനിലും, വിമാനത്തിലുമായായി എത്തിയപ്പോള്‍ അബോര്‍ഷനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുവാന്‍ 2800 മൈലുകളോളം നടന്ന അറുപത്തിയേഴുകാരന്‍ കൗതുകമുണര്‍ത്തുന്നു. 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കെടുത്ത ഒരു മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ വെച്ചെടുത്ത പ്രതിജ്ഞ നിറവേറ്റുവാനാണ് ജോണ്‍ മൂര്‍ എന്ന വയോധികന്‍ ഇത്രയും ദൂരം നടന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ദിവ്യകാരുണ്യ ഞായര്‍ ദിനത്തില്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നുമാണ് ജോണ്‍ തന്റെ തീര്‍ത്ഥ യാത്ര ആരംഭിച്ചത്. 8 മാസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ മാളിലാണ് അത് അവാസാനിച്ചത്. ജോണിന്റെ മകള്‍ ലോറയും ഒരു വാഹനത്തില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നെവാഡ, ഊത്ത, വ്യോമിംഗ്, നെബ്രാസ്ക, ഇയോവ, ഇല്ലിനോയിസ്‌ തുടങ്ങിയവ താണ്ടിയാണ് ജോണ്‍ വാഷിംഗ്‌ടണില്‍ എത്തിയത്.

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ “വിശ്വാസവുമായി ബന്ധപ്പെട്ട ഒരു നടത്തമാണി”തെന്ന്‍ ജോണ്‍ പറഞ്ഞു. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല താന്‍ന്‍ നടക്കുന്നത്. ദൈവത്തിന്റെ മുന്നില്‍ എളിയവനായിരിക്കുവാനും, യേശുവിന്റെ സാക്ഷിയായിരിക്കുവാനും, മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുമായിട്ടാണ് താന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് നടക്കുന്നതെന്ന്‍ അദ്ദേഹം തുറന്നു പറഞ്ഞു. രണ്ടു കുരിശുകളും പിടിച്ചുകൊണ്ടായിരുന്നു ജോണിന്റെ യാത്ര. ഒന്ന്‍ മാര്‍ച്ച് ഫോര്‍ ലൈഫിനും, മറ്റൊന്ന് നൈറ്റ്സ് ഓഫ് കൊളംബസ്സിനും സമ്മാനിക്കാനുമാണ് അദ്ദേഹത്തിന്റെ പദ്ധതി.

താന്‍ അംഗമായിരിക്കുന്ന നൈറ്റ്സ് ഓഫ് കൊളംബസ്സിനും, മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തവര്‍ക്കും, ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്കും, ദൈവത്തിനും താന്‍ നല്‍കിയ വാക്ക് ഇതോടുകൂടി പൂര്‍ത്തിയായെന്ന് ജോണ്‍ പറഞ്ഞു. താന്‍ നടന്ന ഓരോ മൈലിലും ശരാശരി 2,200 കാലടിവെച്ചുവെന്നും, അങ്ങിനെനോക്കുമ്പോള്‍ മൊത്തം 61 ലക്ഷം അടികള്‍ താന്‍ വെച്ചുവെന്നും, താന്‍ വെച്ച ഓരോ അടിയുംഗര്‍ഭഛിദ്രത്തിലൂടെ നഷ്ടപ്പെട്ട പത്ത് കുരുന്നു ജീവനുകളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ജോണ്‍ പറയുന്നു. യാത്രയില്‍ സംഭാവനയായി ജോണിനും, ലോറക്കും കിട്ടുന്ന പണം നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ അള്‍ട്രാസൗണ്ട് സംരഭത്തിനായിട്ടാണ് ചിലവഴിക്കുക.


Related Articles »