News - 2024

കുരുന്നു ജീവനുകളുടെ കൂട്ടക്കൊലക്ക് അനുവാദം നല്‍കി ന്യൂയോര്‍ക്ക്

സ്വന്തം ലേഖകന്‍ 24-01-2019 - Thursday

ന്യൂയോര്‍ക്ക്, യുഎസ്എ: ഗര്‍ഭഛിദ്രത്തിനെതിരെ ലക്ഷകണക്കിന് ആളുകള്‍ അണിചേര്‍ന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയ്ക്കു ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്നേ ന്യൂയോര്‍ക്കില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി. ഗര്‍ഭഛിദ്രത്തിന് അനുവാദം നല്‍കുന്ന “റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ്” ബില്‍ പാസ്സായതോടെ ന്യൂയോര്‍ക്കില്‍ ഗര്‍ഭഛിദ്രം മൗലീക അവകാശത്തിനു തുല്യമായി മാറിയിരിക്കുകയാണ്. പൈശാചികമായ പ്രവര്‍ത്തിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ പ്രസിദ്ധമായ വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയത്തിലെ പ്രധാന കെട്ടിടം പിങ്ക് നിറത്തില്‍ പ്രകാശിപ്പിച്ചത് പ്രോലൈഫ് പ്രവര്‍ത്തകരെ കണ്ണീരിലാഴ്ത്തി.

ജനുവരി 22 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ഗവര്‍ണറായ ആന്‍ഡ്ര്യൂ കുവോമോ ഒപ്പുവെച്ചതോടെയാണ് ബില്‍ ഔദ്യോഗികമായി പാസായത്. തുടര്‍ന്നു ഗവര്‍ണര്‍ തന്നെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍, പാലങ്ങള്‍, പ്രധാന കെട്ടിടങ്ങള്‍ തുടങ്ങിയവ പിങ്ക് നിറത്തിലുള്ള ബള്‍ബുകള്‍ കൊണ്ട് അലങ്കരിക്കുവാന്‍ ഉത്തരവിട്ടതും. ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഈ പുതിയ നിയമം. നിയമമനുസരിച്ച് അംഗീകാരമില്ലാത്ത ഡോക്ടര്‍മാര്‍ക്ക് പോലും 24 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുവാന്‍ കഴിയും. ജനിക്കുവാനിരിക്കുന്ന കുട്ടികളും ഓരോ വ്യക്തികളാണ് എന്ന കത്തോലിക്കാ സഭയുടെ പ്രബോധനത്തിന് വിരുദ്ധമായി, ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നതാണ് ഒരു ‘വ്യക്തി’ എന്ന പുനര്‍ നിര്‍വചനവും ഈ ബില്‍ നല്‍കുന്നുണ്ട്.

ഗര്‍ഭഛിദ്രത്തിനു അനുമതി നല്‍കിക്കൊണ്ടുള്ള ബില്ലിനെതിരെ കത്തോലിക്ക സഭാനേതൃത്വം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. “സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ദോഷം ചെയ്യുന്ന അപകടകരമായ നിയമം” എന്നാണ് ന്യൂയോര്‍ക്കിലെ മെത്രാന്‍മാര്‍ പുതിയ നടപടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ജനുവരി 22നു ന്യൂയോര്‍ക്ക് സംസ്ഥാനം മറ്റൊരു കറുത്ത അദ്ധ്യായം കൂടി ചേര്‍ത്തിരിക്കുകയാണെന്നും മെത്രാന്‍മാരുടെ സംയുക്ത പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. നിയമത്തിനായി വോട്ട് ചെയ്ത അംഗങ്ങളില്‍ ഭൂരിഭാഗം പേരും അമ്മമാരോ, അപ്പന്‍മാരോ ആണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. പുതിയ അബോര്‍ഷന്‍ നിയമം നിഷ്കളങ്കരായ കുരുന്ന് ജീവനുകളുടെ കൂട്ടക്കൊലക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍.


Related Articles »