News - 2024

ഇറാഖ് സന്ദര്‍ശനം നീളും: ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 25-01-2019 - Friday

പനാമ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ സന്ദര്‍ശനത്തിന് നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ. പനാമയിലേക്കുള്ള യാത്രാമധ്യേ പാപ്പ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഇറാഖിൽ നിലനിൽക്കുന്ന സുരക്ഷയുടെ അഭാവം മൂലം അവിടേക്ക് നേരത്തെ പ്രതീക്ഷിച്ചിരുന്ന മാർപാപ്പയുടെ സന്ദർശനം നടക്കാൻ സാധ്യതയില്ലെന്നു വത്തിക്കാൻ വക്താവ് അലസാന്ദ്രോ ജിസോട്ടി സൂചിപ്പിച്ചു. ആഗസ്റ്റ് അവസാനമായിരിക്കും പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനം നടക്കുക. മുപ്പത്തിനാലാമത്തെ ലോക യുവജന സംഗമത്തിനായി പാപ്പയുടെ പനാമയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് അലസാന്ദ്രോ ജിസോട്ടി വിശദമായ വിവരങ്ങൾ പങ്കുവച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഡിസംബറിൽ ഇറാഖ് സന്ദർശിച്ചിരിന്നു.

മാർപാപ്പയ്ക്ക് ഇറാഖ് സന്ദർശിക്കാന്‍ പ്രതികൂല സാഹചര്യമാണെന്ന്‍ അദ്ദേഹം അഭിപ്രായപ്പെട്ടതിനാല്‍ ഇറാഖ് സന്ദർശനം ഇപ്പോൾ പരിഗണനയിലില്ലെന്നും അലസാന്ദ്രോ ജിസോട്ടി കൂട്ടിച്ചേർത്തു. യുഎഇ, മൊറോക്കോ, ബൾഗേറിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പേപ്പൽ സന്ദർശനത്തിന്റെ തീയതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. ഈ വർഷം പാപ്പ ആഫ്രിക്ക സന്ദർശിക്കാനും സാധ്യതയുണ്ട്. ഫെബ്രുവരി മാസം മൂന്നാം തീയതി മുതൽ അഞ്ചാം തിയതി വരെ നീണ്ടു നിൽക്കുന്നതാണ് മാർപാപ്പയുടെ യുഎഇ സന്ദർശനം. അതിനു വലിയ തയ്യാറെടുപ്പുകളാണ് ഗള്‍ഫില്‍ നടക്കുന്നത്.


Related Articles »