News

ലോക യുവജന സംഗമത്തിനെത്തിയവര്‍ക്ക് സൗജന്യ കുടിവെള്ളവുമായി മുസ്ലീം പള്ളി

സ്വന്തം ലേഖകന്‍ 27-01-2019 - Sunday

പനാമ സിറ്റി: ലോക യുവജന സംഗമത്തിനെത്തിയ കത്തോലിക്ക യുവജനങ്ങള്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കി മുസ്ലിം പള്ളിയുടെ സാഹോദര്യം. പനാമ സിറ്റിയിലെ ഏറ്റവും പുരാതന മുസ്ലീം പള്ളിയായ ജാമാ മോസ്കാണ് കടുത്ത വെയിലില്‍ ദാഹിച്ചു വലഞ്ഞ തീര്‍ത്ഥാടകര്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കിയത്. “തീര്‍ത്ഥാടക സുഹൃത്തുക്കള്‍ക്ക് സ്വാഗതം” എന്ന ബാനറിനു കീഴിലായിരുന്നു കുടിവെള്ള വിതരണം. കുടിവെള്ളം വിതരണം ചെയ്യുവാന്‍ സഹായിച്ചു കൊണ്ടിരുന്ന മുസ്ലീം സഹോദരനായ ഹാഷിം ബാന ലോക യുവജന ദിനത്തെ വിശേഷിപ്പിച്ചത് യുവജനങ്ങളുടെ നന്മക്ക് വേണ്ടിയുള്ള ഒരു പരിപാടിയാണെന്നാണ്.

നൂറുകണക്കിന് കച്ചവടക്കാര്‍ വന്‍ വിലക്ക് കുടിവെള്ളം വിറ്റുകൊണ്ടിരിക്കുമ്പോഴാണ് ജാമാ മോസ്ക് ആയിരങ്ങള്‍ക്ക് കുടിവെള്ളം സൗജന്യമായി നല്‍കിയത്. സാന്റാ മരിയാ ആന്റിഗ്വായില്‍ ഫ്രാന്‍സിസ് പാപ്പ എത്തിയപ്പോഴേക്കും പതിനയ്യായിരത്തോളം കുപ്പികള്‍ ഇവര്‍ സൗജന്യമായി വിതരണം ചെയ്തുകഴിഞ്ഞു. കുടിവെള്ളത്തിന് ആവശ്യം കൂടുതലാണെന്നും, തങ്ങള്‍ കൂടുതല്‍ വെള്ളം എത്തിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഹാഷിം ബാന പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തോടെപനാമ നഗരം അനുഗ്രഹിക്കപ്പെട്ടുവെന്നും ബാന പറഞ്ഞു. ലോക യുവജന സംഗമത്തിന്റെ അവസാനം വരെ സൗജന്യ കുടിവെള്ളം തുടരുവാനാണ് ഇവരുടെ തീരുമാനം.


Related Articles »