News - 2025
പേപ്പല്‍ ടിക്കറ്റ് വാങ്ങാന്‍ വന്‍ തിരക്ക്: സൗജന്യ യാത്ര സൗകര്യമൊരുക്കാന്‍ ഭരണകൂടം
സ്വന്തം ലേഖകന്‍ 29-01-2019 - Tuesday
അബുദാബി: മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന് ദിവസങ്ങള്‍ ശേഷിക്കേ പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയുടെ ടിക്കറ്റു വിതരണം ഇന്നലെ ദുബായിൽ ആരംഭിച്ചു. ഫെബ്രുവരി അഞ്ചിനാണ് ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കുക. ഔദ് മെഹ്ത് സെന്‍റ് മേരീസ് ദേവാലയത്തിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നാണ് ആയിരകണക്കിന് വിശ്വാസികള്‍ ആദ്യ ദിവസം തന്നെ ടിക്കറ്റ് കരസ്ഥമാക്കിയതെന്ന്‍ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കുവാൻ ടിക്കറ്റ് ലഭിച്ചവർ തങ്ങളുടെ സന്തോഷം പങ്കുവെച്ചു.
പത്തു ലക്ഷത്തോളം കത്തോലിക്കരാണ് മാർപാപ്പയുടെ സന്ദർശനത്തിനായി കാത്തിരിക്കുന്നത്. എന്നാൽ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം പേരെ മാത്രമാണ് പാപ്പ ബലി അര്‍പ്പിക്കുന്ന സൈദ് സ്പോർട്സ് സിറ്റിയിൽ ഉൾകൊള്ളാൻ കഴിയുകയെന്ന് അധികൃതർ വ്യക്തമാക്കി. 'എന്നെ സമാധാനത്തിന്റെ ഉപകരണമാക്കണമേ' എന്ന ഫ്രാൻസിസ് അസീസിയുടെ പ്രാര്‍ത്ഥന ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിസ് പാപ്പയുടെ സമീപത്ത് നിന്ന് ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കുമെന്നത് ഭാഗ്യമാണെന്ന് വിശ്വാസികള്‍ പ്രതികരിച്ചു.
പത്തു വർഷത്തോളമായി ദുബായിയിൽ താമസിക്കുന്ന വെനീഷ്യ കാർഡോസ തന്നെ സംബന്ധിച്ചു ഇത് ധന്യ നിമിഷമാണെന്ന്‍ പറയുന്നു. അതേസമയം യുഎഇയിലെ വിവിധ പ്രദേശങ്ങളിലെ ഹബ്ബുകളില്‍ നിന്നും സര്‍ക്കാരിന്റെ സൗജന്യ ഷട്ടില്‍ സര്‍വീസുകള്‍ മാര്‍പാപ്പ ബലി അര്‍പ്പിക്കുന്ന സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് ഉണ്ടാകും. ഹബ് വരെ സ്വന്തം നിലയില്‍ എത്തേണ്ടതുണ്ട്.
ഏതൊക്കെ മേഖലകളില്‍ നിന്ന് ഷട്ടില്‍ സര്‍വീസ് ഉണ്ടാകുമെന്ന വിവരം വൈകാതെ എല്ലാ ഇടവകകളിലും ഉടനെ അറിയിക്കും. പ്രവേശനടിക്കറ്റും യാത്രാടിക്കറ്റും ഇല്ലാതെ വരുന്നവർക്ക് പ്രവേശനം ഉണ്ടാകില്ലെന്നും യുഎഇയിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ മാധ്യമവിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു.
