News - 2024

സീനായി മല സൗദിയില്‍? സ്മാരകസ്ഥലം നശിപ്പിക്കാന്‍ നീക്കമെന്ന് ഗവേഷക സംഘം

സ്വന്തം ലേഖകന്‍ 12-02-2019 - Tuesday

റിയാദ്: മോശക്ക് ദൈവം പത്തു കല്‍പ്പനകള്‍ നല്‍കിയതായി പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സീനായ് മല സൗദിയിലാണെന്നും, സൗദി മെഗാസിറ്റി പദ്ധതിക്കായി ഭരണകൂടം ഇവിടം ഇടിച്ചുനിരത്തുവാന്‍ പദ്ധതിയിടുന്നതായും ക്രിസ്ത്യന്‍ ഗവേഷക സംഘടനയുടെ ആരോപണം. തോമസ്‌ റിസേര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിഗ്രഹാരാധനയെ ഭയന്നാണ് ജബല്‍ അല്‍- ലാവസ് മല ഇടിച്ചു നിരത്തി പാശ്ചാത്യരുടെ കണ്ണില്‍ നിന്നും മറച്ചുപിടിക്കുവാനോ സൗദി ശ്രമിക്കുന്നതെന്നാണ് ഫൗണ്ടേഷന്‍ പറയുന്നത്.

‘ഫൈന്‍ഡിംഗ് ദി മൌണ്ടന്‍ ഓഫ് മോസസ്’ എന്ന പേരില്‍ ഇതുസംബന്ധിച്ച് ഫൗണ്ടേഷന്‍ ഒരു ഡോക്യുമെന്ററി പുറത്തുവിട്ടിരുന്നു. സെക്യൂരിറ്റി അനലിസ്റ്റായ റിയാന്‍ മൌറോയാണ് ഡോക്യുമെന്ററിയുടെ അവതാരകന്‍. യഥാര്‍ത്ഥത്തിലുള്ള സീനായി മല സൗദിയിലാണെന്നാണ് ഡോക്യുമെന്ററി അവകാശപ്പെടുന്നത്. ഇവിടേക്കുള്ള പ്രവേശനം സൗദി അധികാരികള്‍ തടഞ്ഞിരിക്കുകയാണെന്നും, മുള്ളുവേലിക്ക് പുറമേ പോലീസിനേയും, സൈന്യത്തേയുമുപയോഗിച്ച് ഈ സ്ഥലം പുറം ലോകത്ത് നിന്നും മറച്ചിരിക്കുകയാണെന്നും ഇവിടം വളരെ രഹസ്യമായി സന്ദര്‍ശിച്ച ഡോക്യുമെന്ററി സംഘം പറയുന്നു.

ജബല്‍ അല്‍-ലാവസ് മല തന്നെയാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ സീനായ് മലയെന്ന് സൗദി ഭരണകൂടത്തിനറിയാമെന്നാണ് മൌറോ പറയുന്നുത്. സൗദി ജോര്‍ദ്ദാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജബല്‍ അല്‍-ലാവസ് മലയില്‍ വെച്ച് തന്നെയാണ് ഫറവോയുടെ അടിമത്വത്തില്‍ നിന്നും മോചിതരായ ഇസ്രായേല്‍ ജനത ചെങ്കടല്‍ കടന്നതിനു ശേഷം, മോശ ശിലാഫലകത്തില്‍ 10 കല്‍പ്പനകള്‍ കൊത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ജബല്‍ അല്‍-ലാവസ് തന്നെയാണ് സീനായി മലയെന്ന് വെളിപ്പെടുത്തുന്ന ഒരു മുതിര്‍ന്ന ജിഹാദിയുടെ സാക്ഷ്യവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവേഷകര്‍ രഹസ്യമായി ഇവിടം സന്ദര്‍ശിച്ചപ്പോള്‍ പ്രദേശവാസികള്‍ തങ്ങളെ ആട്ടിപ്പായിച്ചതായും മൌറോ പറയുന്നു. വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ സ്ഥലത്തിന്റെ സംരക്ഷണത്തിനായുള്ള പ്രചാരണ പരിപാടികളും തോമസ്‌ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം ഈ വാദത്തെ തള്ളി നിരവധി ഗവേഷകര്‍ എത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.


Related Articles »