India - 2024

ചര്‍ച്ച് ബില്‍ സഭയുടെ ആന്തരികമായ കാര്യങ്ങളിലേക്കുള്ള കടന്നു കയറ്റം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സ്വന്തം ലേഖകന്‍ 15-02-2019 - Friday

തൃശൂര്‍: ദ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ 2019 എന്ന പേരില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന നിയമം ക്രൈസ്തവ സഭയുടെ ആന്തരികവും മതപരവുമായ കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നു തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവ സഭയുടെ പള്ളികളും സ്ഥാപനങ്ങളും സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കാനാണ് പുതിയ ബില്‍ വഴി സര്‍ക്കാര്‍ നീക്കമെന്നാണ് അറിയുന്നത്. എന്നാല്‍, സഭയിലെ വസ്തുവകകളെക്കുറിച്ചു എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ പരിഹരിക്കാന്‍ നിലവില്‍ രാജ്യത്തിന്റെ സിവില്‍ നിയമവും കോടതികളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സഭയിലെ ആന്തരികമായ വിഷയത്തെക്കുറിച്ചുള്ള തര്‍ക്കമാണെങ്കില്‍ പരിഹരിക്കാന്‍ കാനന്‍ നിയമവും ഉണ്ട്. ഇവ നിലവില്‍ ഉണ്ടായിരിക്കെ ക്രൈസ്തവര്‍ക്കു മാത്രമായി പുതിയ നിയമത്തിന്റെ ആവശ്യം എന്തെന്നു വ്യക്തമാകുന്നില്ല. ഇതു സഭയുടെ ആത്മീയകാര്യങ്ങളിലേക്കു കടന്നുകയറാനുള്ള ശ്രമവും ഭരണഘടനപരമായി ലഭിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കവുമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിശദാംശങ്ങള്‍ ആഴത്തില്‍ പഠിച്ചതിനുശേഷം കൂടുതലായി പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.


Related Articles »