News - 2024

മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

പ്രവാചകശബ്ദം 06-02-2024 - Tuesday

ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ നടന്നുക്കൊണ്ടിരിക്കുന്ന 36-ാമത് ജനറൽ ബോഡി യോഗത്തിന്റെ ഇന്നത്തെ സെഷനിലാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും സി‌ബി‌സി‌ഐയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനം നാളെ ഫെബ്രുവരി 7 ന് സമാപിക്കും.

1951 ഡിസംബര്‍ 13ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 2007 മാര്‍ച്ച് 18-ന് അദ്ദേഹത്തെ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

പെര്‍മനന്‍റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാർപാപ്പയെ തന്റെ അജപാലന ദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യാനത്തിലൂടെ സഹായിക്കുന്ന റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സില്‍ ഉപദേശകന്‍ കൂടിയാണ് മാര്‍ ആന്‍ഡ്രൂസ്.

അഭിവന്ദ്യ ആന്‍ഡ്രൂസ് പിതാവിന് പ്രാര്‍ത്ഥനാമംഗളങ്ങള്‍ ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »