India - 2025
കെസിബിസി പ്രോലൈഫ് സമിതിക്ക് പുതിയ മേഖലാ ഡയറക്ടര്‍മാര്‍
സ്വന്തം ലേഖകന്‍ 17-02-2019 - Sunday
കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിക്ക് തൃശൂര്‍, എറണാകുളം, കോട്ടയം മേഖലകളിലേക്ക് പുതിയ ഡയറക്ടര്‍മാരെ തെരഞ്ഞെടുത്തു. തൃശൂര്‍ മേഖലയില്‍ റവ. ഫാ ഡെന്നി താന്നിക്കല്‍ (തൃശൂര്‍ അതിരൂപത), കോട്ടയം മേഖലയില്‍ റവ. ഫാ. ഫിലിപ്പ് ആഞ്ഞിലിമൂട്ടില്‍ (തിരുവല്ല അതിരൂപത), എറണാകുളം മേഖലയില്‍ റവ. ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് (കോതമംഗലം രൂപത) എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, കോട്ടപ്പുറം, സുല്‍ത്താന്‍പേട്ട് എന്നീ രൂപതകള്‍ തൃശൂര്‍ മേഖലയിലും കോട്ടയം, കാഞ്ഞിരപ്പിള്ളി, പാലാ, വിജയപുരം, ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട എന്നീ രുപതകള്‍ കോട്ടയം മേഖലയിലും ആലപ്പുഴ, കൊച്ചി, വരാപ്പുഴ. എറണാകുളം-അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി എന്നീ രൂപതകള്‍ എറണാകുളം മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിവാഹപ്രായവും കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതും പ്രസക്തമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് വൈകിക്കരുതെന്ന് പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗം ഓര്‍മ്മപ്പെടുത്തി. ഉപരിപഠനം, മികച്ച തൊഴില്‍ എന്നിവയ്ക്കായി നിരവധി വര്‍ഷങ്ങള്‍ നീക്കിവച്ചതിനുശേഷമുള്ള വിവാഹാലോചനകള്‍ അവിവാഹിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. വൈകി കുടുംബജീവിതം ആരംഭിക്കുന്നതിന്റെ ഫലമായി കുഞ്ഞുങ്ങളെ സ്വീകരിച്ചു വളര്‍ത്തുവാനുള്ള തടസ്സം നേരിടുന്നു. എം.ടി.പി ആക്ട് നിലവില്‍ വന്നതിനുശേഷം സ്ത്രീകളുടെ എണ്ണത്തില്‍ കുറവു വന്നതും മുപ്പതു വയസ്സിനുശേഷമുള്ള അവിവാഹിതരായ ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ കാരണമായി എന്നും കെസിബിസി പ്രൊ-ലൈഫ് സമിതി യോഗം വിലയിരുത്തി. ജീവന്റെ മഹത്വവും സമൃദ്ധിയും സന്തോഷവും മനസിലാക്കിയ ദമ്പതികള്‍ കൂടുതല്‍ മക്കളെ സ്വീകരിക്കുന്ന മനോഭാവത്തിലേക്ക് വളരുന്നുവെന്നതും സമിതി നിരീക്ഷിച്ചു.
പാലാരിവട്ടം പിഒസിയില്‍ നടന്ന സംസ്ഥാന സമ്മേളനം ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ജോസ് അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് എഫ് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ,് ടോമി സെബാസ്റ്റ്യന്‍, ഷിബു ജോണ്‍, വര്‍ഗീസ് എം. എ, മാര്‍ട്ടിന്‍ നെട്ടൂര്‍, നാന്‍സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
