India - 2024
മാരാമണ്‍ കണ്‍വെന്‍ഷന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം
സ്വന്തം ലേഖകന്‍ 18-02-2019 - Monday
മാരാമണ്‍: ഒരാഴ്ച നീണ്ടുനിന്ന മാരാമണ്‍ കണ്‍വെന്‍ഷന്റെ 124 ാമത് സമ്മേളനത്തിന് ഇന്നലെ വൈകുന്നേരം തിരശീല വീണു. വികലമാക്കപ്പെടുന്ന മാനവികതയുടെ മധ്യത്തില്‍ ആത്മീയത മുറുകെപ്പിടിക്കണമെന്നു സമാപന സന്ദേശത്തില്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.
ആര്‍ച്ച്ബിഷപ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു മുഖ്യപ്രഭാഷണം നടത്തി. രാവിലെ നടന്ന യോഗത്തില്‍ കണ്വാന്‍ഷന്റെ ശതോത്തര രജതജൂബിലി ഉദ്ഘാടനം ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. 2020ലെ മാരാമണ്‍ കണ്‍വെന്‍ഷനില്‍ ജൂബിലി ആഘോഷം സമാപിക്കത്തക്ക രീതിയിലുള്ള പരിപാടികളാണ് ക്രമീകരിക്കുന്നതെന്നു സുവിശേഷപ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം പറഞ്ഞു. രാവിലത്തെ യോഗത്തില്‍ പ്രഫ. റെയ്മണ്ട് സിമംഗ കുമാലോ പ്രസംഗിച്ചു.
എപ്പിസ്‌കോപ്പമാരായ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തീമോത്തിയോസ്, ഐസക് മാര്‍ പീലക്‌സിനോസ്, ഏബ്രഹാം മാര്‍ പൗലോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ തീത്തോസ്, ആന്റോ ആന്റണി എംപി, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ.കുര്യന്‍, എംഎല്‍എമാരായ മാത്യു ടി. തോമസ്, രാജു ഏബ്രഹാം, മുന്‍ എംപി പി.സി. തോമസ് തുടങ്ങിയവര്‍ ഇന്നലത്തെ യോഗങ്ങളില്‍ പങ്കെടുത്തു.