India - 2024

129-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ

പ്രവാചകശബ്ദം 31-01-2024 - Wednesday

തിരുവനന്തപുരം: 129-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ 18 വരെ കോഴഞ്ചേരി പമ്പാനദീതീരത്ത് നടക്കും. 11ന് 2.30ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുമെന്നു ജനറൽ കൺവീനർ ഫാ. എബി കെ. ജോഷ്വാ പത്രസമ്മേളനത്തിൽ അറിയിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡൻ്റ ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പാ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര തുടങ്ങിയവർ പ്രസംഗിക്കും. 12 മുതൽ 17 വരെ എല്ലാ ദിവസങ്ങളിലും രാവിലെ 7.30 ന് ബൈബിൾ ക്ലാസുകൾ നടക്കും. റവ. ഡോ.ഷാം പി. തോമസ്, റവ. ബോബി മാത്യു എന്നിവർ നേതൃത്വം നൽകും. എല്ലാ ദിവസവും പൊതുയോഗം 9.30ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12ന് അവസാനിക്കും.

14ന് രാവിലെ 9.30ന് വിവിധ സഭാ മേലധ്യക്ഷന്മാർ പങ്കെടുക്കുന്ന എക്യുമെനിക്കൽ സമ്മേളനം നടക്കും. 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേ രം നാലിനു യുവവേദി യോഗങ്ങളും, 15ന് വൈകുന്നേരം ആറിനു സാമൂഹ്യ തിന്മകൾക്കെതിരേയുള്ള പ്രത്യേക മീറ്റിംഗും നടക്കും. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും. 17ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ നാലു വരെ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ മിഷനറി യോഗവും നടക്കും. മീഡിയ കൺവീനർ അഡ്വ. ജേക്കബ് ജോൺ, ട്രഷറർ എബി തോമസ് വാരിക്കാട്, മാനേജിംഗ് കമ്മിറ്റിയംഗം റ്റിജു എം. ജോർജ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Related Articles »