News - 2025
പലസ്തീന്‍ പ്രസിഡന്‍റിന്റെ നിലപാടിനെതിരെ ക്രൈസ്തവ സഭാനേതൃത്വം
സ്വന്തം ലേഖകന്‍ 26-02-2019 - Tuesday
ബത്ലഹേം: ക്രൈസ്തവ സഭകളുടെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പുതിയ പരമാധികാര പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയെ നിയമിച്ച നടപടിക്കെതിരെ ക്രിസ്ത്യന്‍ നേതാക്കള്‍ രംഗത്ത്. തങ്ങളോടു ആലോചിക്കാതെ ഏകപക്ഷീയ നടപടി എടുത്തിരിക്കുകയാണെന്നും രാഷ്ട്രീയ പ്രശ്നങ്ങളില്‍ ക്രിസ്ത്യന്‍ സഭകളെ വലിച്ചിഴക്കരുതെന്നും സഭാനേതൃത്വം വ്യക്തമാക്കി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കുമായി വിവിധ സഭാതലവന്‍മാര്‍ അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്.
സഭകളുടെ കാര്യത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥിതി നിലനിര്‍ത്തുവാന്‍ സംഘം പലസ്തീന്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. ഫെബ്രുവരി 14-നാണ് ക്രിസ്ത്യന്‍ സഭാകാര്യങ്ങള്‍ക്കായുള്ള പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയുടെ കാര്യം മഹ്മൂദ് അബ്ബാസ് പ്രഖ്യാപിക്കുന്നത്. യാസര്‍ അറാഫാത്തിന്റെ ഓഫീസ് ഡയറക്ടറും, ഇപ്പോഴത്തെ ജനറല്‍ ഡയറക്ടറുമായ റാംസി ഖൂരിയാണ് പുതിയ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയുടെ തലവന്‍. പി.എ പ്രസിഡന്റ് ഓഫീസ് പ്രതിനിധി, ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ടൂറിസം വകുപ്പ് പ്രതിനിധി, ജറുസലേമിലെ പലസ്തീന്‍ ഗവര്‍ണര്‍, രാമള്ള, ബെത്ലഹേം, ബെയ്റൂട്ട്, ബെയിറ്റ് സാഹുര്‍, ബെറ്റ് ജാല തുടങ്ങിയ നഗരങ്ങളിലെ മേയര്‍മാര്‍ തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളാണ്.
തങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമായിട്ടാണ് പലസ്തീന്‍ പ്രസിഡന്റിന്റെ നടപടിയെ തിയോഫിലോസ് മൂന്നാമന്‍ ഉള്‍പ്പെടെയുള്ള സഭാ തലവന്‍മാര്‍ കാണുന്നത്. പലസ്തീനിലെ ക്രൈസ്തവ സമൂഹത്തെ പുതിയ കമ്മിറ്റിയില്‍ പരിഗണിച്ചിട്ടില്ലെന്ന ആരോപണവും സഭാ നേതൃത്വം ഉയര്‍ത്തുന്നുണ്ട്.
