India - 2024

ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍: ചങ്ങനാശേരിയില്‍ സംയുക്ത ക്രൈസ്തവ സമ്മേളനം

സ്വന്തം ലേഖകന്‍ 27-02-2019 - Wednesday

ചങ്ങനാശേരി: സംസ്ഥാന നിയമപരിഷ്‌കരണകമ്മീഷന്‍ കേരളസര്‍ക്കാരിനു സമര്‍പ്പിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സംബന്ധിച്ച കരട് റിപ്പോര്‍ട്ട് സംയുക്ത ക്രൈസ്തവ സമ്മേളനം വിശകലനം ചെയ്യും. ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തില്‍ നാളെ രാവിലെ 10ന് വിവിധ കത്തോലിക്കാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, മര്‍ത്തോമ്മ, സി.എസ്.ഐ സഭാ മേലധ്യക്ഷന്‍മാരും പ്രതിനിധികളും യോഗം ചേരും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം റവ. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്യും.

ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ 2019 സംബന്ധിച്ച് കെസിബിസി പാസ്റ്ററല്‍ കൗണ്‍സി‍ല്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, പൗരസ്ത്യ വിദ്യാപീഠം പ്രഫസര്‍ റവ. ഡോ. ജോര്‍ജ് തെക്കേക്കര എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. വിവിധ എപ്പിസ്‌കോപ്പല്‍ സഭകളെ പ്രതിനിധീകരിച്ച് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത (ഓര്‍ത്തഡോക്‌സ്), തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത (യാക്കോബായ), കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത (ക്‌നാനായ യാക്കോബായ), റവ. ഡോ. കെ.ജി. ഡാനിയേല്‍ (സിഎസ്‌ഐ.) തുടങ്ങിയവര്‍ പ്രതികരണങ്ങള്‍ നടത്തും. തുടര്‍ന്ന് ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സംബന്ധിച്ച് പൊതു ചര്‍ച്ചയും ഭാവി പരിപാടികളുടെ രൂപീകരണവും നടക്കും.

സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, തിരവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, പത്തനംതിട്ട ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മൂവാറ്റുപുഴ ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ്, ക്‌നാനായ യാക്കോബായ സഭാമെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ഇവാനിയോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ സേവേറിയോസ്, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ തുടങ്ങിയവരും വിജയപുരം, പുനലൂര്‍, കോട്ടയം, ഇടുക്കി രൂപതകളെ പ്രതിനിധീകരിച്ച് വികാരി ജനറാള്‍മാരും മാവേലിക്കര ഓര്‍ത്തഡോക്‌സ് കോര്‍ എപ്പിസ്‌കോപ്പയും പ്രസംഗിക്കും.

പരിപാടികള്‍ക്ക് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. തോമസ് പാടിയത്ത്, മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ഫിലിപ്‌സ് വടക്കേക്കളം എന്നിവരും ഫാ. ഫിലിപ്പ് തയ്യില്‍, റവ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. ആന്റണി തലച്ചല്ലൂര്‍, ഫാ. ജയിംസ് കൊക്കാവയലില്‍, ഡോ. ആന്റണി മാത്യൂസ് തുടങ്ങിയവരും നേതൃത്വം നല്‍കും.


Related Articles »