India - 2024

കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യപ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമായിരിക്കണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 09-03-2019 - Saturday

കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് സാമൂഹ്യപ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ നിസ്വാര്‍ഥ മനോഭാവത്തോടെയാകണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഓര്‍മ്മപ്പെടുത്തല്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ സംഘടന എന്ന നിലയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിസന്ധികളെ നേരിടാന്‍ വിധം കരുത്തായതില്‍ സഭ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച് ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചതിലൂടെ ക്രൈസ്തവ വിശ്വാസങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ബാഹ്യകടന്നുകയറ്റം ഉണ്ടായപ്പോള്‍ കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ത്തത് അഭിനന്ദനീയമാണ്. കാര്‍ഷിക പ്രശ്‌നങ്ങള്‍, വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ എന്നിവ കടുത്ത ആശങ്കകളും വേദനയും ഉളവാക്കുന്നതാണ്. പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കു ശക്തി പകര്‍ന്നു നല്‍കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടാകണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

കത്തോലിക്കാ സമുദായം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും സമൂഹത്തിന്റെ സമഗ്രനന്മക്കായി എന്നും നിലകൊണ്ടിട്ടുള്ളതുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസിലൂടെ നല്ല നേതാക്കള്‍ എല്ലാ രൂപതകളിലും സജീവമായി ഉയര്‍ന്നു വരുന്നത് ഈ കാലഘട്ടത്തിന്റെ നേട്ടമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രൂപത കമ്മിറ്റികളുടെ റിപ്പോര്‍ട്ടിംഗ് സമ്മേളനത്തില്‍ നടന്നു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, പി.ടി. ചാക്കോ, ഡോ. കെ.വി. റീത്താമ്മ, പ്രഫ. ജാന്‍സെന്‍ ജോസഫ്, ബെന്നി ആന്റണി, ഡോ. ജോസുകുട്ടി ഒഴുകയില്‍, തോമസ് പീടികയില്‍, സാജു അലക്‌സ്, സെലിന്‍ സിജോ, ജോസ് മേനാച്ചേരി, ജോയ് മുപ്രാപ്പള്ളില്‍, ആന്റണി എല്‍. തൊമ്മാന, ഫീസ്റ്റി മാന്പിള്ളി, ബിറ്റി നെടുനിലം, കെ.കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »