Editor's Pick

മതാന്തരവിവാഹങ്ങൾ: ആരാണ് യഥാർത്ഥ സെലിബ്രിറ്റികൾ?

സ്വന്തം ലേഖകന്‍ 08-05-2019 - Wednesday

ക്രൈസ്തവ വിശ്വാസം എക്കാലവും നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് മതാന്തരവിവാഹങ്ങൾ. മാമ്മോദീസ സ്വീകരിച്ച ഒരു ക്രൈസ്തവ വിശ്വാസി ബാല്യംമുതലേ തനിക്ക് ജീവന്റെ അപ്പം നൽകി വളർത്തിയ തന്റെ സഭാമാതാവിന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചുകൊണ്ട് ഒരു അന്യമത വിശ്വാസിയെ വിവാഹം കഴിച്ചുപോകുമ്പോൾ അത് പലപ്പോഴും മറ്റു വിശ്വാസികളെയും ദോഷകരമായി ബാധിക്കാറുണ്ട്.

തന്നിൽ വിശ്വസിക്കുന്ന ഒരുവൻപോലും നഷ്ടപ്പെടാതെ എല്ലാവരും രക്ഷപ്രാപിക്കണം എന്ന ക്രിസ്തുവിന്റെ മനോഭാവം ഉൾക്കൊണ്ടുകൊണ്ട് സഭ അത്യാവശ്യ സാഹചര്യങ്ങളിൽ കൗദാശികമല്ലാത്ത വിവാഹജീവിതത്തിന് സമ്മതം മൂളാറുണ്ട്. ഇപ്രകാരം വിവാഹജീവിതത്തിൽ ഏർപ്പെടുന്ന വിശ്വാസിയുടെയും അവരുടെ സന്താനങ്ങളുടെയും തുടർന്നുള്ള ക്രിസ്തീയ ജീവിതത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് ഇത്തരം സംവിധാനങ്ങളിലൂടെ സഭ അർത്ഥമാക്കുന്നത്.

എന്നാൽ ഈ അടുത്തകാലത്തായി നടക്കുന്ന സെലിബ്രിറ്റി മതാന്തരവിവാഹങ്ങൾ പുതിയ തലമുറയെ വഴിതെറ്റിക്കുന്നതിന് കാരണമാകുന്നുണ്ട് എന്ന വസ്തുത നാം വിസ്മരിച്ചുകൂടാ. സെലിബ്രിറ്റികളെ അന്ധമായി അനുകരിച്ചുകൊണ്ടും, അവരുടെ മതാന്തരവിവാഹങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രത്യക്ഷപ്പെടുമ്പോൾ അതിന്റെ മോടിയിൽ മനംമയങ്ങി, ഇത്തരം വിവാഹങ്ങളുടെ പ്രത്യാഘാതങ്ങളെ പലപ്പോളും വിസ്മരിച്ചുകൊണ്ടും, "മതേതരസംസ്കാരത്തിന്റെ" സ്വാധീനത്തിൽ പെട്ടും ചിലപ്പോഴൊക്കെ പുതിയ തലമുറ ഇത്തരം പ്രണയങ്ങൾക്കായി മനസ്സുതുറക്കാറുണ്ട്. അതിനാൽ ഈ വിഷയത്തിൽ സഭാനേതൃത്വം ഗൗരവമായ ചില മുൻകരുതലുകൾ എടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

ദുഷ്പ്രേരണ നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക ‍

മതാന്തരവിവാഹത്തിൽ ഏർപ്പെടുന്ന സെലിബ്രിറ്റികളുടെ "അത്യാവശ്യ" സാഹചര്യം കണക്കിലെടുക്കുന്ന രൂപതാനേതൃത്വം, വഴിതെറ്റിപ്പോകാൻ സാധ്യതയുള്ള മറ്റനേകം യുവതീയുവാക്കളുടെ കാര്യം ഒരിക്കലും വിസ്മരിച്ചുകൂടാ. അതിനാൽ ഇത്തരം ചടങ്ങുകൾ ദേവാലയത്തിൽ നടക്കുന്ന സമയങ്ങളിൽ ക്യാമറകൾ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ഇത്തരം ചടങ്ങുകളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നതിനായി ക്യാമറകളോ മൊബൈൽ ഫോണുകളോ ദേവാലയത്തിൽ പ്രവേശിക്കുന്നില്ല എന്ന് വൈദികർ ഉറപ്പുവരുത്തേണ്ടതാണ്. കാരണം ഇത്തരം മതേതര ആഡംബരവിവാഹങ്ങളുടെ ചിത്രങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമ്പോൾ അത് ചിലപ്പോഴൊക്കെ മറ്റുവിശ്വാസികളെ വഴിതെറ്റിക്കുന്നതിന് കാരണമായേക്കാം.

ഒരു ക്രിസ്തീയ ദേവാലയം എന്നത് ആർക്കും എന്തും ചെയ്യാവുന്ന ഒരു വേദിയല്ല. അവിട ചിത്രീകരിക്കപ്പെടുന്നതും അവിടെനിന്നും പുറപ്പെടുന്നതുമായ ചിത്രങ്ങൾ മറ്റുള്ളവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതായിരിക്കണം. അതിനാൽ മറ്റുള്ളവരുടെ വിശ്വാസജീവിതത്തിൽ ഇടർച്ചവരുത്തുന്ന ഇത്തരം ഫോട്ടോകളും വീഡിയോകളും ദേവാലയത്തിനുള്ളിൽ ചിത്രീകരിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ ഇടവക വികാരിയുടെയും കടമയാണ്.

മതപരമായ മറ്റ് വിവാഹആചാരങ്ങൾ നടത്തുകയില്ല എന്ന് വാഗ്ദാനം ചെയ്തതിനു ശേഷം, ക്രൈസ്തവ ദേവാലയത്തിൽ വച്ച് ഇത്തരം മതാന്തരവിവാഹങ്ങൾ നടത്തുന്ന സെലിബ്രിറ്റികൾ പിന്നീട് സഭാനേതൃത്വത്തെയും വിശ്വാസികളെയും വിഡ്ഡികളാക്കികൊണ്ട് മറ്റ് മതത്തിൽപെട്ട വിവാഹആചാരങ്ങൾ നടത്തുന്നത് സാധാരണമായി കണ്ടുവരുന്ന ഒരു പ്രവണതയാണ്. സഭാമാതാവിന്റെ ഹൃദയത്തെ വീണ്ടും മുറിപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ തടയാൻ സഭാനേതൃത്വം മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

സഭയെ ന്യായീകരിക്കുന്നവർ വിശ്വാസികളെ ഒരിക്കലും വിസ്മരിച്ചുകൂടാ ‍

ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും സഭയെ വിമർശിച്ചുകൊണ്ട് ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയുമ്പോൾ അതിന്റെ പിന്നിലെ യാഥാർത്ഥ്യവും, സഭാനിയമങ്ങളും വിശദീകരിച്ചുകൊണ്ട് ചിലർ രംഗത്തെത്താറുണ്ട്. എന്നാൽ ഇത്തരം ന്യായീകരണങ്ങൾ ചിലപ്പോഴൊക്കെ തെറ്റു ചെയ്യാൻ പ്രേരണ നൽകുന്ന നിയമത്തിലെ പഴുതുകളായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അതിനാൽ, ഇത്തരം വിഷയങ്ങളിൽ സഭാനേതൃത്വത്തെ ന്യായീകരിച്ചുകൊണ്ട് സഭാനിയമങ്ങൾ വിശദീകരിക്കുന്നവർ ഇത്തരം മതാന്തരവിവാഹങ്ങളുടെ ദുരന്തഫലങ്ങളെക്കുറിച്ചും, ഇത് വിശ്വാസികളുടെ ജീവിതത്തിൽ വരുത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശ്വാസികൾക്ക് മുന്നറിയിപ്പുനൽകാൻ മറന്നുപോകരുത്.

തെറ്റുചെയ്യുന്നവരോട് സഭകാണിക്കുന്ന കരുണയെ ഉയർത്തിക്കാണിക്കുമ്പോഴും, മതാന്തരവിവാഹം എന്ന വലിയ ദുരന്തത്തിലേക്ക് വീണുപോകുന്നതിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കുന്നതിനും സഭയ്ക്കു കടമയുണ്ട്. മാമ്മോദീസ സ്വീകരിച്ച ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള, സഭ ആശീർവദിക്കുന്ന വിവാഹം ഒരു കൂദാശയാണ്. അതിനാൽതന്നെ അവരുടെ വിവാഹജീവിതത്തിൽ പ്രത്യേകമാം വിധം ക്രിസ്തുവിന്റെ സാന്നിധ്യമുണ്ട്. അവരുടെ വിവാഹജീവിതത്തിൽ ക്രിസ്തു അവരോടൊപ്പം സഞ്ചരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് ക്രൈസ്തവ വിവാഹത്തെ മറ്റു വിവാഹങ്ങളിൽ നിന്നും സവിശേഷവും സമ്പന്നവുമാകുന്നത്.

മതാന്തരവിവാഹങ്ങളുടെ പ്രചാരം വർദ്ധിച്ചുവരുന്ന ഈ ആധുനിക കാലഘട്ടത്തിൽ, പുതിയ തലമുറയ്ക്ക് അവരുടെ കൗമാരപ്രായം മുതൽക്കേ ക്രൈസ്തവ വിവാഹത്തിന്റെ മഹത്വം ബോധ്യപ്പെടുത്തിക്കൊടുക്കാൻ മാതാപിതാക്കളും, വൈദികരും, മതബോധന അധ്യാപകരും പരിശ്രമിക്കേണ്ടതാണ്. അതിനായി മതബോധന സംവിധാനങ്ങളിൽ കാലഘട്ടത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതും അനിവാര്യമാണ്.

കുടുംബജീവിതം ധാരാളം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ മതാന്തരവിവാഹങ്ങൾ മൂലം കുടുംബത്തിന്റെ ഹൃദയാന്തരാളത്തിൽ അനൈക്യത്തിന്റെ ദുരന്തമനുഭവിക്കേണ്ടിവരുന്ന രൂക്ഷമായ അപകടസാധ്യതയെപ്പറ്റി സഭ നൽകുന്ന മുന്നറിയിപ്പുകൾ നാം ഒരിക്കലും അവഗണിച്ചുകൂടാ. "വിശ്വാസത്തെപ്പറ്റിയും വിവാഹ സങ്കല്പത്തെപറ്റിത്തന്നെയുമുള്ള വ്യത്യസ്ത വീക്ഷണങ്ങളും അതുപോലെ വൈവിധ്യമാർന്ന മത മനോഭാവങ്ങളും വിവാഹജീവിതത്തിൽ, പ്രത്യേകിച്ചു കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ, സംഘർഷങ്ങൾ ഉളവാക്കിയേക്കാം. തത്‌ഫലമായി മതപരമായ നിസ്സംഗതയ്ക്കുള്ള പ്രലോഭനവുമുണ്ടാകാം" (CCC 1634).

ആരാണ് യഥാർത്ഥ സെലിബ്രിറ്റികൾ? ‍

സ്വന്തം സുഖസൗകര്യങ്ങൾക്കായി മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളിൽ ഉപേഷിച്ചുപോകുന്ന മക്കൾ സമൂഹമനഃസാക്ഷിക്ക് എക്കാലവും അഗാധമായ മുറിവേൽപ്പിക്കുന്നു. അതുപോലെ തന്നെ, ബാല്യം മുതലേ ജീവന്റെ അപ്പം നൽകിയ ക്രൈസ്തവ വിശ്വാസത്തെ ഉപേക്ഷിച്ച് മതാന്തരവിവാഹബന്ധങ്ങളിൽ ഏർപ്പെടുന്നവർ എത്ര ഉന്നതരാണെങ്കിലും അവർ വിശ്വാസികൾക്കിടയിൽ കളകൾ വിതയ്ക്കുന്നവരാണ്.

വിശ്വാസം വ്യക്തിപരമായിരിക്കുമ്പോഴും, ഈ ഭൂമിയിൽ ആരും തനിയെ വിശ്വസിക്കുന്നില്ല എന്ന സത്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ. സ്വന്തം വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും മറ്റുള്ളവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുവാൻ ഓരോ വിശ്വാസിക്കും കടമയുണ്ട്. അതിനാൽ തന്നെ, ക്രൈസ്തവമൂല്യങ്ങൾക്കു വിരുദ്ധമായ പ്രണയവികാരങ്ങളെ മുളയിലേ നുള്ളിക്കളയാനും, വിവാഹം എന്ന കൂദാശയിലൂടെ ദൈവം നൽകുന്ന ജീവിത പങ്കാളിയെ സ്വീകരിച്ചുകൊണ്ട് സന്തോഷത്തിലും ദുഖത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും ഏകമനസ്സായി ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിച്ചു കടന്നുപോയ, ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന സാധാരണക്കാരായ നിരവധി ദമ്പതികളുണ്ട്. ഓരോ കാലഘട്ടത്തിലെയും വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഉന്നതമായ ക്രൈസ്തവ മൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷ്യങ്ങളായി ഉയർന്നു നിൽക്കുന്ന ഈ ദമ്പതികളാണ് യഥാർത്ഥ നക്ഷത്രങ്ങൾ. അവരായിരിക്കട്ടെ പുതിയ തലമുറക്കു വഴികാട്ടിയാകേണ്ട യഥാർത്ഥ സെലിബ്രിറ്റികൾ.


Related Articles »