India - 2024
41 വീടുകള്‍, 250 പേര്‍ക്കു സ്വയം തൊഴില്‍ സഹായം, 65 പേര്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍: വീണ്ടും കെസിബിസി സഹായം
സ്വന്തം ലേഖകന്‍ 04-08-2019 - Sunday
തിരുവനന്തപുരം: ഓഖി ദുരന്തം നേരിട്ട കേരളത്തിലെ ഏഴ് രൂപതകള്‍ക്കുമായി കെസിബിസിജെപിഡി കമ്മീഷന്റെ സഹായത്തോടെ നിര്‍മിച്ച 41 വീടുകളുടെ താക്കോല്‍ ദാനവും 250 പേര്‍ക്കു സ്വയം തൊഴില്‍ ചെയ്യാനുളള ധനസഹായവും 65 പേര്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങളും കെസിബിസി വിതരണം ചെയ്തു. കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സമാപന ചടങ്ങിലായിരിന്നു വിതരണം. ഓഖി ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ കത്തോലിക്കാ സഭ ഏഴുതിച്ചേര്‍ത്തതു സ്‌നേഹത്തിന്റെ പുതിയ അധ്യായമാണെന്നു കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.
ദുരിതബാധിതരുടെ വിശ്വാസവും പ്രാര്‍ത്ഥനാ ചൈതന്യവും തന്നെ അതിശയപ്പെടുത്തിയതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു. ദുരന്തങ്ങളിലൂടെയാണ് ദൈവസ്‌നേഹം കൂടുതല്‍ തിരിച്ചറിയുന്നതെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് പറഞ്ഞു. ഓഖി പുനരധിവാസ റിപ്പോര്‍ട്ട് തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ഫാ. ടി.ലെനിന്‍ രാജിന് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ.സി. ജോസഫ്, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി, എസ്എഎഫ്പി ഡയറക്ടര്‍ ഫാ. മാര്‍ഷല്‍ മേലേപ്പള്ളി, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്റണി. ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ടിഎസ്എസ്എസ് ഡയറക്ടര്‍ റവ. ഡോ. സാബാസ് ഇഗ്‌നേഷ്യസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.