News - 2024
കരുണയുടെ കരമായി നൈറ്റ്സ് ഓഫ് കൊളംബസ്: 2018-ല്‍ ചിലവിട്ടത് 18.5 കോടി ഡോളര്‍
സ്വന്തം ലേഖകന്‍ 06-08-2019 - Tuesday
മിന്നെപോളിസ്: ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് കഴിഞ്ഞ വര്‍ഷം മാത്രം വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത് 18.5 കോടി ഡോളര്‍. ഇന്ന് ആരംഭിക്കുവാനിരിക്കുന്ന സംഘടനയുടെ വാര്‍ഷിക കണ്‍വെന്‍ഷന് മുന്നോടിയായി നൈറ്റ്സ് ഓഫ് കൊളംബസിന്റെ തലവനായ കാള്‍ ആന്‍ഡേഴ്സനാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 190 കോടി ഡോളറോളം മതിപ്പുള്ള വിവിധ കാരുണ്യ പദ്ധതികള്‍ക്കായി ഏതാണ്ട് 7.6 കോടി മണിക്കൂറുകളാണ് സംഘടനാംഗങ്ങള്‍ ചിലവഴിച്ചത്.
ഇറാഖിലെ കാരംലസ് എന്ന പട്ടണത്തിനു മാത്രമായി 2017-നും 2018-നും ഇടയില്‍ ഏതാണ്ട് 20 ലക്ഷം ഡോളറാണ് നൈറ്റ്സ് ഓഫ് കൊളംബസ് സംഭാവന ചെയ്തിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ട ക്രിസ്ത്യാനികളുടെ പുനരധിവാസത്തിനായിട്ടായിരുന്നു പ്രധാനമായും ഈ തുക ചിലവഴിച്ചത്. പ്രാദേശിക സമിതികളുടെ പരിശ്രമങ്ങള്‍ വഴിയും, സംഘടനയുടെ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വഴിയും നേരിട്ട് സമാഹരിച്ച തുകയാണ് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചതെന്ന് കാള്‍ ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.
1882-ല്‍ ന്യൂ ഹെവനിലെ കണക്ടിക്കട്ടില്‍ ഫാ. മിഖായേല്‍ മക്ജിവ്നിയാല്‍ സ്ഥാപിക്കപ്പെട്ട ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ല്‍ ഇന്ന് ലോകവ്യാപകമായി 19 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ആഗോളതലത്തില്‍ 9 രാഷ്ട്രങ്ങളിലായി 16,000-ത്തോളം കൗണ്‍സിലുകളാണ് സംഘടനയുടേതായി പ്രവര്‍ത്തിക്കുന്നത്. കാരുണ്യം, ഐക്യം, സാഹോദര്യം, ദേശഭക്തി എന്നിവയിലൂന്നിയാണ് പ്രവര്‍ത്തനം. മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍, പ്രകൃതി ദുരന്തത്തിനിരയായവര്‍, ക്രൈസിസ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട പിന്തുണ, വാര്‍ഷിക തീര്‍ത്ഥാടനങ്ങള്‍ തുടങ്ങിയവ സംഘടനയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്നു.
മിന്നെപോളിസിലെ മിന്നസോട്ടയില്‍ ഇന്ന്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന നൈറ്റ്സ് ഓഫ് കൊളംബസ് കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 8 വരെ നീളും. സംഘടനാ നേതാക്കള്‍ക്കും മെത്രാന്മാര്‍ക്കും പുറമേ ലോകം മുഴുവനുമുള്ള കൗണ്‍സിലുകളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.