News - 2024

കൈകഴുകി വിദേശകാര്യ വകുപ്പ്: പാപ്പയുടെ ഭാരത സന്ദര്‍ശനം ഇനിയും നീളും

18-09-2019 - Wednesday

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം ഇനിയും വൈകുമെന്ന് സൂചന നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രി. ഫ്രാന്‍സിസ് പാപ്പ ഭാരതം സന്ദര്‍ശിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും വൈകുന്നതിലെ കാരണം ആരാഞ്ഞുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കൃത്യമായി അറിയില്ലെന്ന് പറഞ്ഞു കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഒഴിഞ്ഞുമാറുകയായിരിന്നു. രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ നൂറു ദിവസത്തെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഇന്നലെ വൈകുന്നേരം വിദേശകാര്യ മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശന കാര്യം ഉന്നയിച്ചത്. ''സത്യസന്ധമായി എനിക്കറിയില്ല'' എന്നു മാത്രമായിരുന്നു മന്ത്രി ജയശങ്കറുടെ മറുപടി. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മാര്‍പാപ്പ മൂന്നു തവണ പരസ്യമായി വ്യക്തമാക്കിയിരിന്നു.

മാര്‍പാപ്പയെ ഇന്ത്യയിലേക്കു ഔദ്യോഗികമായി ക്ഷണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിബിസിഐയുടെ ആഭിമുഖ്യത്തില്‍ കര്‍ദ്ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മോദിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനം നല്‍കിയ കാലത്തും ജയശങ്കര്‍ തന്നെയായിരുന്നു വിദേശകാര്യ സെക്രട്ടറി. അക്കാലത്ത് കേന്ദ്രത്തില്‍ നിന്ന്‍ വന്ന വിശദീകരണം മാര്‍പാപ്പക്കും പ്രധാനമന്ത്രി മോദിക്കും സൌകര്യപ്രദമായ തീയതി കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നായിരിന്നു. ഇപ്പോള്‍ കാര്യം അറിയില്ലായെന്ന് ഒഴിഞ്ഞുമാറിയത് വിഷയത്തിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുകയാണ്.

അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിനും മ്യാന്‍മറിനും പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയിലും നടത്തിയ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ചിരിന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ യുഎഇയും ബംഗ്ലാദേശും ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറും മാര്‍പാപ്പയ്ക്കു വലിയ സ്വീകരണം ഒരുക്കിയിട്ടും പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് മോദി സര്‍ക്കാര്‍ അനുകൂല നിലപാട് കാണിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നവംബറില്‍ തായ്‌വാൻ, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പാപ്പ എത്തുന്നുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ പ്രതികൂല നിലപാട് പാപ്പയുടെ സന്ദര്‍ശനം ഇനിയും അനന്തമായി നീളുമെന്ന സൂചനയാണ് നല്‍കുന്നത്.


Related Articles »