News - 2024

ഇന്ത്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകന്‍ 27-09-2019 - Friday

വത്തിക്കാന്‍ സിറ്റി: മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ റോമില്‍ നടത്തുന്ന 'അഡ് ലിമിന' സന്ദര്‍ശനത്തിൽ ഇന്ത്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാൻസിസ് പാപ്പ. എന്തെല്ലാം പ്രതിസന്ധികളിലൂടെ കടന്നുപോയാലും ഐക്യത്തിന്റെ സംഭാഷണവും യേശു ലോകത്തിനു നല്‍കിയ കരുണയുടെ ശുശ്രൂഷകളും തുടരുകതന്നെ വേണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്‍ സംഘത്തെ ഓര്‍മിപ്പിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു സുവിശേഷത്തിന്റെ പ്രഘോഷണം ധൈര്യപൂര്‍വം നടത്താന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദിക്ക് ഒരുക്കമായിട്ടുള്ള വരുന്ന പത്തു വര്‍ഷങ്ങളിലെ സഭാത്മകമായ മുന്നൊരുക്കങ്ങള്‍ കർദ്ദിനാള്‍ ക്ലീമിസ് ബാവ വിശദീകരിച്ചു.

രണ്ടു മണിക്കൂര്‍ നേരം നീണ്ട കൂടിക്കാഴ്ചയില്‍ മാര്‍പ്പാപ്പ മെത്രാന്മാരോടു തങ്ങളുടെ ഭദ്രാസനത്തിന്റെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ച നടത്തി. തുടര്‍ന്ന് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ മെത്രാന്മാര്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി, സഭാക്യത്തിനും മതാന്തര സംവാദത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍, സുവിശേഷ പ്രഘോഷണത്തിനു വേണ്ടിയുള്ള തിരുസംഘം, വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുവേണ്ടിയുള്ള തിരുസംഘം എന്നിവ സന്ദര്‍ശിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്റെ കബറിടത്തോടു ചേര്‍ന്നുള്ള ബലിപീഠത്തില്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ മെത്രാന്മാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയായ വിശുദ്ധ മാര്‍ത്തായുടെ ഭവനത്തിലെ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടൊപ്പം മെത്രാന്മാര്‍ ബലിയര്‍പ്പിച്ചു. ഇന്നു രാവിലെ മാതാവിന്റെ നാമത്തിലുള്ള മേജര്‍ ബസിലിക്കയില്‍ ബലിയര്‍പ്പിക്കും. പൗരസ്ത്യ തിരുസംഘ കാര്യാലയവും വിശുദ്ധ പൗലോസിന്റെ കബറിടം സ്ഥിതിചെയ്യുന്ന സെന്റ് പോള്‍ ബസിലിക്കയും സന്ദര്‍ശിക്കും. മെത്രാന്മാരുടെ സന്ദര്‍ശനം നാളെ പൂര്‍ത്തിയാകും.

More Archives >>

Page 1 of 492